ഗുരുവായൂരപ്പന് ചിത്രങ്ങൾ സമർപ്പിക്കാനൊരുങ്ങി ജസ്‌ന സലിം കോഴിക്കോട് : ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്‌ന സലിം ഗുരുവായൂർ ക്ഷേത്രത്തിന് 101 ചിത്രങ്ങള്‍ സമർപ്പിക്കുന്നു. പുതുവത്സര പുലരിയിലാണ് ചിത്രങ്ങൾ കൈമാറുക. ക്ഷേത്രനടയിൽവച്ച് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചിത്രങ്ങള്‍ ഏറ്റുവാങ്ങും.
ക്ഷേത്രത്തിനകത്ത് തന്നെ ചില ചിത്രങ്ങൾ പ്രദർശിപ്പിക്കും. വരച്ച് ചട്ടക്കൂടിലാക്കിയ ചെറു ചിത്രങ്ങൾ തൊട്ട് ഒരാൾ വലിപ്പമുള്ളവ വരെ ശേഖരത്തിലുണ്ട്. നാല് മാസമെടുത്താണ് കണ്ണന്മാരെ തീർത്തത്. ട്രാവലർ വാനിലാണ് ഫോട്ടോകൾ ഗുരുവായൂരിലേക്ക് എത്തിക്കുന്നത്.
ജസ്‌നയുടെ ബാപ്പ അബ്‌ദുൾ മജീദും മകൾക്കൊപ്പം ഗുരുവായൂരിലേക്ക് പോകുന്നുണ്ട്. ഡ്രൈവറായ അബ്‌ദുൾ മജീദും ഭാര്യയുമാണ് ജസ്‌നയ്ക്ക് കണ്ണനെ വരയ്ക്കാൻ പിന്തുണ നൽകിയത്. കുടുംബാംഗങ്ങളിൽ നിന്നുണ്ടായ എതിർപ്പിനെ വകവയ്ക്കുന്നില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജസ്‌നയും പിതാവും. അന്ന് കുറ്റപ്പെടുത്തിയതിനെല്ലാം ഇന്നവർ പശ്ചാത്തപിക്കുന്നുണ്ടാകുമെന്നും അബ്‌ദുൾ മജീദ് പറയുന്നു.
കൗതുകത്തിന് ഉണ്ണിക്കണ്ണനെ വരച്ച് തുടങ്ങിയതാണ് ജസ്‌ന. താമരശ്ശേരിയിലെ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ജസ്‌നയെ ചെറുപ്പത്തിൽ കണ്ണാ എന്ന് വിളിച്ചതാണ് ഓർമ. അതൊരു തമാശയും കളിയാക്കലും മാത്രമായിരുന്നു.
വിവാഹം കഴിഞ്ഞ് കൊയിലാണ്ടിയിൽ എത്തിയപ്പോൾ ആ തമാശയും കളിയാക്കലും ഭർത്താവ് സലീമും തുടർന്നു. അത് ഉണ്ണിക്കണ്ണൻ്റെ ചിത്രം കാണിച്ചുകൊണ്ടായിരുന്നു എന്ന് മാത്രം. 'കുഞ്ഞുവാവ'യെ പെരുത്തിഷ്‌ടമായ ജസ്‌ന കണ്ണനെ വിട്ടില്ല.
വീട് നിർമാണ സമയത്ത് താൽക്കാലികമായി നിർമിച്ച ഷെഡിൽ നിന്നാണ് ആദ്യത്തെ ഉണ്ണിക്കണ്ണൻ്റെ ചിത്രം പിറന്നത്. പത്രത്തിൽ വന്ന ഒരു ചിത്രം നോക്കി വരയ്ക്കുകയായിരുന്നു. ഈ കഴിവിനെ ഭർത്താവ് പുകഴ്ത്തിയെങ്കിലും വീട്ടുകാർ അറിഞ്ഞാൽ പ്രശ്‌നമാകും എന്ന മുന്നറിയിപ്പ് നൽകി ചിത്രം നശിപ്പിക്കാനായിരുന്നു സലീമിൻ്റെ നിർദേശം.
എന്നാൽ ജസ്‌ന അതിന് തയാറായില്ല. ഒടുവിൽ താമരശ്ശേരിയിലെ ഒരു നമ്പൂതിരി കുടുംബത്തിന് 'കണ്ണനെ' സമ്മാനിച്ചു. ഇതൊരു സൗഭാഗ്യമായി കരുതിയ നമ്പൂതിരിയിലൂടെ മുസ്ലിം യുവതി കണ്ണനെ വരച്ച കഥ നാടുനീളെ അറിഞ്ഞു. പലരും ചിത്രം വരച്ച് തരാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് കണ്ണൻ്റെ വരയിൽ ജസ്‌ന മുഴുകുന്നത്. ഇപ്പോൾ ഇതൊരു ജീവിത മാർഗമാണ്.
കഴിഞ്ഞ എട്ട് വർഷമായി അഞ്ഞൂറിലേറെ ചിത്രങ്ങൾ വരച്ച് നൽകിയ ജസ്‌നയെ തേടി മറ്റൊരു അവസരം വന്നതോടെയാണ് ഈ മുസ്ലിം യുവതി പ്രശസ്‌തയായത്. പത്തനംതിട്ട ജില്ലയിലെ കുളനട ഉളനാട് ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ കണ്ണൻ്റെ ചിത്രം സമർപ്പിക്കാനും കൃഷ്‌ണ വിഗ്രഹത്തെ ദർശിക്കാൻ കഴിഞ്ഞതും അനുഗ്രഹമായെന്ന് ജസ്‌ന പറയുന്നു.
ഗുരുവായൂർ അടക്കം പല ക്ഷേത്രങ്ങളിലും ജസ്‌ന വരച്ച ഉണ്ണിക്കണ്ണന്‍ സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ആദ്യമായിരുന്നു. ഉളനാട് ക്ഷേത്രത്തിലെ കൃഷ്‌ണനെ കണ്ട് ഞെട്ടിയ ജസ്‌ന ആ രൂപം വരയ്ക്കാൻ ശ്രമിച്ചെങ്കിലും തൃപ്‌തിയായില്ല. ഉണ്ണിക്കണ്ണൻ തന്നെയാണ് തൻ്റെ കൂട്ട് എന്ന് ജസ്‌ന വിശ്വസിക്കുന്നു.
ഭർത്താവിൻ്റെയും അദ്ദേഹത്തിൻ്റെ വീട്ടുകാരുടെയും സ്വന്തം മാതാപിതാക്കളുടേയും പിൻതുണയിലാണ് ജസ്‌ന കണ്ണനുമായുള്ള കൂട്ട് തുടരുന്നത്. എന്നാൽ സ്വന്തം കുടുംബത്തിലെ മറ്റ് പലർക്കും ഇത് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് ജസ്‌ന പറയുന്നു. അവർ തുടരുന്ന അസഭ്യവർഷങ്ങളും അകറ്റി നിർത്തലുമാണ് 'കണ്ണൻ്റെ തോഴി'യായ ജസ്‌നയുടെ ദുഃഖം.
'ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.തന്നെ കുറ്റപ്പെടുത്തുന്ന ആളുകൾ യാഥാർഥ്യം മനസിലാക്കണം, വീട്ടിൽ വിഗ്രഹാരാധനയല്ല താൻ നടത്തുന്നത്. ചിത്രം വരച്ച് നൽകുകയാണ്. അതും ആവശ്യക്കാർക്ക്, അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.എന്നാൽ ഇതിനെ ബിസിനസായി കാണരുത്. കുറ്റപ്പെടുത്തുന്നവർ തന്നെ ഒരിക്കലും സഹായിച്ചവരോ നേരിൽ കണ്ടവരോ അല്ല.എന്തിനാണ് കലാസൃഷ്‌ടിയിൽ മതത്തെ കൂട്ടിക്കുഴക്കുന്നത്'- ജസ്‌ന അന്ന് ചോദിച്ചിരുന്നു.
'കണ്ണനിൽ വിശ്വാസമുണ്ട്, അത് അങ്ങോട്ട് പോയി നേടിയെടുത്തതല്ല, ഇങ്ങോട്ട് കയറി വന്ന വരുമാന മാർഗമാണത്, അതിനെ എന്തിന് അവിശ്വസിക്കണം',പുറം ലോകത്ത് നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ പിൻതുണയാണ് തന്‍റെ കരുത്തെന്നും ഈ മുസ്ലിം യുവതി വിശ്വസിക്കുന്നു.