കൃഷ്ണ ചിത്രങ്ങൾ ജസ്‌ന സലിം ഗുരുവായൂരിൽ സമർപ്പിച്ചു കോഴിക്കോട് : ഉണ്ണിക്കണ്ണന്‍റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ ജസ്‌ന 101 കൃഷ്‌ണ ചിത്രങ്ങള്‍ ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിച്ചു. ഒരാൾ പൊക്കമുള്ള കൃഷ്‌ണ ചിത്രമാണ് ജസ്‌ന ആദ്യം കൈമാറിയത്. മറ്റ് നൂറ് ചിത്രങ്ങൾ ഗുരുവായൂർ കിഴക്കേ നടയിൽ വരിവരിയായി നിരത്തി. ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഫോട്ടോകള്‍ ഏറ്റുവാങ്ങി.
ഗുരുവായൂരിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, മാതാ അമൃതാനന്ദമയി മഠം കൊയിലാണ്ടി മഠാധിപതി ബ്രഹ്മചാരി സുമേധാമൃത ചൈതന്യ, പ്രധാന സ്‌പോൺസറായ ഗോകുലം ഗോപാലൻ എന്നിവരും ചടങ്ങിന് സാക്ഷികളായി. ജസ്‌നയുടെ പിതാവ് അബ്‌ദുൾ മജീദും സഹോദരനും ചടങ്ങിൽ പങ്കെടുത്തു.
ALSO READ:പുതുവത്സരത്തില്‍ 101 ചിത്രങ്ങൾ ഉണ്ണിക്കണ്ണന് ; കൃഷ്‌ണ ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിക്കാന്‍ ജസ്‌ന സലിം
താമരശ്ശേരിയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ജസ്‌ന കൗതുകത്തിനായിരുന്നു ഉണ്ണിക്കണ്ണനെ വരച്ചുതുടങ്ങിയത്. വിവാഹം കഴിഞ്ഞ് കൊയിലാണ്ടിയിൽ എത്തിയ ജസ്‌നയ്‌ക്ക് ഭർത്താവ് സലിം ഒരു കൃഷ്‌ണ ചിത്രം കാണിച്ചുകൊടുത്തിരുന്നു. അന്നേ ജസ്ന കൃഷ്ണ ചിത്രത്തില്‍ ആകൃഷ്ടയായി.
പിന്നീട് പത്രത്തിൽ വന്ന ഒരു ചിത്രം നോക്കി വരച്ചു. തുടക്കത്തിൽ കുടുംബത്തിൽ നിന്ന് നിരവധി എതിർപ്പുകൾ നേരിട്ടെങ്കിലും അതിനെ ഒന്നും വകവയ്ക്കാതെ ജസ്‌ന തന്‍റെ ചിത്രം വര തുടരുകയായിരുന്നു. നിരവധി പേർക്ക് ചിത്രങ്ങൾ വരച്ചുനൽകിയ ജസ്‌നയ്‌ക്ക് ഇന്ന് ഇതൊരു ജീവിത മാർഗം കൂടിയാണ്.