കോഴിക്കോട്:ജപ്പാൻ മാംഗ ചിത്രപ്രദർശനം കോഴിക്കോട് ഗുരുകുലം ആർട്ട് ഗാലറിയിൽ ആരംഭിച്ചു. തിരുവനന്തപുരം സിഇടി വിദ്യാർഥി അഹമ്മദ് അസീമിന്‍റെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. സന്തോഷം, ദുഃഖം, കോപം തുടങ്ങിയ വികാരങ്ങളെ കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയും എന്നതിന്‍റെ സാക്ഷ്യമാണ് ജപ്പാൻ മാംഗ ചിത്രപ്രദർശനത്തിലെ രചനകൾ.
കുട്ടികൾക്കായുള്ള പുസ്തകങ്ങളിൽ ചിത്രങ്ങളിലൂടെ കഥ പറയുന്നതാണ് ജപ്പാൻ മാംഗ രീതി. ജപ്പാനിൽ ധാരാളമായി ഉപയോഗിക്കുന്ന ഈ രീതി ഇപ്പോൾ എല്ലായിടങ്ങളിലെയും ബാല പുസ്തകങ്ങളിൽ ഉപയോഗിച്ചു വരുന്നു. ഇത്തരം ചിത്രരചന കാഴ്ചക്കാർക്ക് കൂടുതൽ വ്യക്തമാക്കി കൊടുക്കുകയാണ് അഹമ്മദ് അസീം. ഏഴാം ക്ലാസ് മുതൽ ചിത്രരചന ആരംഭിച്ച അസിം യൂ ട്യൂബ് വഴിയാണ് മാംഗ ശൈലി പഠിച്ചെടുത്തത്. ചിത്രങ്ങൾ വിൽപന നടത്തി ലഭിക്കുന്ന വരുമാനം ഇഖ്റ ഹോസ്പിറ്റലിലെ നിർധന രോഗികളുടെ ചികിത്സയ്ക്കും മുക്കം പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും.