കോഴിക്കോട് :കുറ്റ്യാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ, മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയോരത്ത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സ്ഥലമുണ്ട്. പേര് ജാനകിക്കാട്. ഈ പേരിന് പിന്നിലെ കഥയില്‍ നിന്ന് തുടങ്ങാം...
മുന്‍ കേന്ദ്രമന്ത്രി വി.കെ.കൃഷ്ണമേനോന്‍റെ സഹോദരി വി.കെ ജാനകിയമ്മയുടെ പേരിലുള്ള 131 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്ത് 2001 ൽ വന സംരക്ഷണ സമിതി രൂപീകരിച്ചു. 2008ല്‍ ഇവിടെ ഇക്കോ ടൂറിസം പദ്ധതിയും ആരംഭിച്ചു. ജാനകിയുടെ പേരിലായിരുന്ന കാട് ടൂറിസം കേന്ദ്രമായപ്പോൾ അത് ജാനകിക്കാടായി. വിവിധ വർണ്ണങ്ങളിലായി നൂറിലേറെ വർഗ്ഗങ്ങളിൽപ്പെട്ട ചെറുതും വലുതുമായ ചിത്രശലഭങ്ങൾ ജാനകിക്കാടിന് മാത്രം സ്വന്തം. പൂമ്പാറ്റകൾ മാത്രമല്ല, ജൈവവൈവിധ്യങ്ങളുടെ അപൂർവ കലവറയാണ് ഒരുകാലത്ത് സഞ്ചാരികളുടെ സ്വർഗമായിരുന്ന ജാനകിക്കാട്.
ഇനി ശരിക്കുള്ള കാടിന്‍റെ കഥയിലേക്ക് വരാം: 2018ല്‍ നിപയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വവ്വാലുകൾ കൂട്ടമായി വസിക്കുന്ന പ്രദേശങ്ങൾ ഭീതിയുടെ കേന്ദ്രങ്ങളായി. ജാനകിക്കാട് നിലനിൽക്കുന്ന മരുതോങ്കരയിലാണ് നിപ വൈറസ് ഏറ്റവുമൊടുവില്‍ ജീവൻ കവർന്നത്. അതോടെ ജാനകിക്കാടിനെ കുറിച്ചും വവ്വാലുകളെ കുറിച്ചും കഥകൾ പലതും പടർന്ന് പന്തലിച്ചു. 'ജാനകിക്കാട്ടില്‍ വവ്വാലുകളില്ല. കുറ്റ്യാടിപ്പുഴയോരത്താണ് വവ്വാലുകൾ ഉള്ളതെന്ന്' നാട്ടുകാരും ഇക്കോ ടൂറിസം പ്രവർത്തകരും ആവർത്തിച്ച് പറയുന്നുണ്ട്.