കോഴിക്കോട്:അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. താത്‌കാലിക ജനറൽ സെക്രട്ടറിയായിരുന്ന പിഎംഎ സലാം ആ കസേരയിൽ സ്ഥിര നിയമിതനായി. കുഞ്ഞാലിക്കുട്ടിയുടെ ആശീർവാദത്തോടെയാണ് സംഗതികളെല്ലാം അവസാനിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് കുഞ്ഞാപ്പയ്ക്ക് മോഹം ഉണ്ടായിരുന്നെങ്കിലും അതിനെ ഒരിക്കലും മറുവിഭാഗം അംഗീകരിക്കില്ല, അപ്പോൾ സംഗതി തെരഞ്ഞെടുപ്പിലേക്ക് പോകും. അത് വീണ്ടും വിഷയങ്ങളെ വഷളാക്കും എന്ന് മനസിലാക്കിയതോടെ കുഞ്ഞാപ്പയുടെ സ്വന്തക്കാരനായ സലാം വീണ്ടും ലീഗ് ജനറൽ സെക്രട്ടറിയായി.
കാര്യങ്ങളൊക്കെ പുറത്ത് അവതരിപ്പിക്കാൻ ഒരു സ്ഥാനം നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് പോലെ. കെ.എം ഷാജി അടങ്ങുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം വലിയ തരത്തിലുള്ള സമ്മർദങ്ങളാണ് ഈ കഴിഞ്ഞ കാലയളവിൽ ലീഗിൽ ഉണ്ടാക്കിയത്. എം.കെ മുനീറിനെ മുൻനിർത്തി അവർ നടത്തിയ യുദ്ധങ്ങൾ എല്ലാം ഓരോ വേളയിലും വലിയ ചെറുത്തുനിൽപ്പോടെ നേരിട്ടതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലനിൽപ്പിന്‍റെ രഹസ്യം. സി.എച്ച് മുഹമ്മദ് കോയയുടെ മകൻ എന്ന തലയെടുപ്പിനെ ഉയർത്തി കാണിച്ച് മുനീറിനെ ജനറൽ സെക്രട്ടറി ആക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ല കമ്മിറ്റികളുടെ പ്രധാനികളെ എല്ലാം പാണക്കാട്ടേക്ക് വിളിച്ചുവരുത്തി കേട്ട സാദിഖലി തങ്ങൾ, അവരോട് എല്ലാം പങ്കുവച്ചത് അതിലും സുപ്രധാനമായ ചില കാര്യങ്ങളാണ്.
മുസ്‌ലിംലീഗിനെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചില വിഭാഗീയ പ്രശ്‌നങ്ങളുണ്ട്. എന്നാൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് അത് വളർത്തരുത് എന്നാണ് തങ്ങളും പങ്കുവച്ചത്. മുസ്‌ലിം സമുദായം ഒന്നടങ്കം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അത് ചെറുതാണെന്ന് ആരും കരുതുന്നുമില്ല. നിലനിൽപ്പിന്‍റെ രാഷ്ട്രീയമാണ് ലീഗ് പ്രധാനമായും ഇന്ന് ചർച്ച ചെയ്യുന്നതും ചെയ്യേണ്ടതും. രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്ന ലീഗ് നേതാക്കൾക്ക് അതിൻ്റെ നിജസ്ഥിതി നേരിട്ട് അറിയാം. ന്യൂനപക്ഷ സമുദായങ്ങൾ അതിരുവിട്ട് അവർക്കിടയിൽ തന്നെ കലാപക്കൊടി ഉയർത്തിയാൽ അത് ആ സമൂഹത്തിൻ്റെ ഒന്നടങ്കം നശിപ്പിക്കാനുള്ള വഴിയായി മാറും എന്ന് പല നേതാക്കൾക്കും നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് കേരളത്തിൽ ഇടതുപക്ഷത്തെ വെറുപ്പിക്കാതെയും തമിഴ്‌നാട്ടിൽ ഡിഎംകെയോട് ഒത്തുചേർന്നും ലീഗ് പ്രവർത്തിച്ചു പോരുന്നത്. അതിനിടയിൽ സ്ഥാനത്തിന് വേണ്ടിയുള്ള തമ്മിലടി മറ്റുള്ളവർക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനും അത് വടി കൊടുത്ത് അടി വാങ്ങുന്നതിന് സമാനമാകുമെന്നും പാണക്കാട് കുടുംബത്തിനും നന്നായി അറിയാം.
പിഎംഎ സലാമിനെതിരെ കടുത്ത എതിർപ്പ് ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതാണ് മറ്റൊരു പ്ലസ് പോയിൻ്റ്. രണ്ട് വിഭാഗത്തെയും കേട്ടുകൊണ്ട് വലിയ തരത്തിലുള്ള പ്രശ്‌നങ്ങൾ ഇല്ലാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ സലാമിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വിഭാഗത്തിൻ്റെ ആജ്ഞാനുവർത്തിയാണ് സലാം എന്ന് ലീഗിലെ മറു വിഭാഗത്തിന് നന്നായി അറിയാം. എന്നാൽ എം.കെ മുനീറിനെ നേതൃസ്ഥാനത്തേക്ക് എത്തിച്ചാൽ അത് എത്രത്തോളം ഫലവത്താകും എന്ന കാര്യത്തിൽ ലീഗിനുള്ളിലെ വലിയൊരു വിഭാഗത്തിന് ആശങ്കയുണ്ട്. രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകൾ പരാജയപ്പെട്ട് നിൽക്കുന്ന യുഡിഎഫിന് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനെയും അതുകഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കേണ്ടതുണ്ട്. ആ സമയത്ത് കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാൻ മുനീറിനേക്കാൾ മികച്ചത് സലാം ആണെന്ന് ലീഗ് നേതാക്കൾ പൊതുവിൽ മനസിലാക്കിക്കാണും. ഒരു പക്ഷേ പാണക്കാട് കുടുംബവും കരുതുന്നത് അത് തന്നെയാവും.
എന്നാൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് കുടുംബത്തിലുള്ളവർ പരസ്യമായി രംഗത്ത് വന്നതിൻ്റെ ചരിത്രവും ചിത്രവും മായാതെ കിടപ്പുണ്ട്. കാലാകാലങ്ങളായി പാർട്ടിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാപ്പയാണെന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങടെ പരസ്യ പ്രതികരണം ചിലരെ സ്‌തബ്‌ദരാക്കി. ചന്ദ്രിക വിവാദം എന്ന ഓമനപ്പേരിൽ പുറത്തുവന്ന തുറന്ന ഷോക്കിൽ നിന്ന് കുഞ്ഞാലിക്കുട്ടി കയറിയത് സാദിഖലി തങ്ങളെ കൂട്ടുപിടിച്ചാണ്. പരസ്യ പ്രതികരണങ്ങളെ രഹസ്യമായി ഒതുക്കിയുള്ള ആ മുന്നേറ്റത്തിൽ കുഞ്ഞാപ്പ ശരിക്കും വിയർത്തു. ആ കുപ്പായമൊക്കെ അഴിച്ച് വച്ച കുഞ്ഞാപ്പ വീണ്ടും ശക്തനായി പിടിച്ചു നിന്നു. പാർട്ടിയുടെ വളർച്ചയാണ് അവിടെ കണ്ടത്.
മേൽപ്പറഞ്ഞതിനേക്കാൾ എല്ലാം രൂക്ഷമായ മറ്റൊരു വിഷയം, കുഞ്ഞാലിക്കുട്ടി പക്ഷത്തെ സംഘടന തെരഞ്ഞെടുപ്പിലൂടെ തോൽപ്പിച്ച് മറുപക്ഷം നേതൃനിരയിലേക്ക് വന്നാൽ ഒരുപക്ഷേ ലീഗ് പിളരാനുള്ള സാധ്യത പോലും തള്ളിക്കളയാൻ ആവില്ല. കാരണം പാർട്ടിയുടെ നിലനിൽപ്പാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അതിനെ ഒരു പരിധിവരെ ട്രാക്കിലാക്കാൻ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഫണ്ട് ശേഖരണത്തിലൂടെ ലീഗിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ സാദിഖലി തങ്ങൾ കേരളത്തിലുടനീളം കുഞ്ഞാലിക്കുട്ടിയുമൊത്ത് നടത്തിയ സന്ദർശനത്തിൽ പാർട്ടിയുടെ ധനസമാഹരണം നല്ല രീതിയിൽ നടന്നിട്ടുണ്ട്. ഒരുപക്ഷേ ഭാവിയിൽ അതിനെ തകിടം മറിക്കുന്ന രീതിയിലേക്ക് പാർട്ടി സംവിധാനത്തെ അതിൻ്റെ നേതൃനിരയെ കൊണ്ടുപോകാൻ പാണക്കാട് കുടുംബത്തിനും താത്‌പര്യമില്ല. അതുകൊണ്ടുതന്നെയാവാം ഒരു സമവായത്തിലൂടെ കാര്യങ്ങൾ മുന്നോട്ടുപോയത്.