കോഴിക്കോട്:ഏഴാമത് രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി തുടക്കമായി. കുത്തിയൊലിച്ചൊഴുകുന്ന പുഴയിലെ പാറക്കെട്ടുകൾക്കിടയിലൂടെ ചെറുവഞ്ചിയിൽ തുഴയെറിഞ്ഞ‌് കുതിച്ചുപായുന്ന തദ്ദേശീയരും വിദേശീയരുമായ കയാക്കർമാരുടെ സാഹസിക പ്രകടനമാണ് മൂന്നു ദിവസങ്ങളിലായി ഇവിടെ നടക്കുക. ഇന്ത്യൻ കയാക്കിങ് ആന്‍റ് കനൂയിങ് അസോസിയേഷന്‍റെ ദേശീയ ചാമ്പ്യൻഷിപ്പും അംഗീകാരവും ലഭിച്ചതോടെ ചാലിപ്പുഴയും ഇരുവഴിഞ്ഞിപ്പുഴയും ലോക കായിക ഭൂപടത്തിൽ ഇടം പിടിക്കുകയാണ്.
ഏഴാമത് രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി - കോഴിക്കോട്
കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമാണ് മത്സരം
പ്രൊഫഷണൽ സ്ലാലം മത്സരങ്ങളോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ഇന്ന് യോഗ്യത റൗണ്ടുകളിലായിരുന്നു മത്സരം. ഉച്ചയ്ക്കുശേഷം അമച്വർ വിഭാഗം സ്ലാലം യോഗ്യതാ റൗണ്ടും ഫൈനലുമാണ് നടന്നത്. നാളെ സ്ലാലം പ്രൊഫഷണൽ വിഭാഗം ഫൈനലും ബോട്ടർ ക്രോസ്സ് മത്സരങ്ങളും നടക്കും. അതിസാഹസികമായ ഡൗൺ റിവർ മത്സരം ഇരുവഴിഞ്ഞിപ്പുഴയിലാണ്. മത്സരങ്ങളുടെ കലാശക്കൊട്ടായ സൂപ്പർ ഫൈനൽ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷം ഇരുവഴിഞ്ഞിപ്പുഴയിലാണ് നടക്കുക. ഇതിലാണ് റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയേയും തെരഞ്ഞെടുക്കുക.
മാസങ്ങൾക്കു മുമ്പ് കോഴിക്കോടെത്തിയ വിദേശ താരങ്ങൾ വീടുകളും ഹോട്ടൽ മുറികളും വാടകക്കെടുത്ത് പരിശീലനത്തിലാണ്. കഴിഞ്ഞ ഏഴു വർഷമായി വിദേശ താരങ്ങള്‍ ഇവിടെയെത്തുന്നതിനാല്‍ ഇവരെ നാട്ടുകാർക്ക് സുപരിചിതമാണ്. മുപ്പത്തയ്യായിരത്തോളം കാണികൾ മത്സരം കാണാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.