കോഴിക്കോട്: ജില്ലയിൽ പശുക്കൾക്കിടയിൽ പകർച്ചവ്യാധികൾ പടരുന്നു. തൈലേറിയ, ചുവപ്പ് ദീനം തുടങ്ങിയ രോഗങ്ങളാണ് ക്ഷീരകർഷകർക്ക് ഭീഷണിയാകുന്നത്. കോഴിക്കോട് ജില്ലയിലെ ഓരോ പഞ്ചായത്തിലും ദിവസേന പത്തോളം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞമാസം ജില്ലാ മൃഗാശുപത്രിയിൽ 70 തൈലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന സങ്കരയിനം പശുക്കൾക്ക് ഇടയിലാണ് രോഗം വ്യാപിക്കുന്നത്. ക്ഷീരവികസന വകുപ്പ് സബ്‌സിഡി നൽകുന്നതിനാൽ മിൽക്ക് ഷെഡ് പദ്ധതിയിലൂടെ ആയിരക്കണക്കിന് പശുക്കളാണ് ഓരോ വർഷവും തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.
5 ലക്ഷം രൂപയ്ക്ക് പശുവിനെ വാങ്ങിയാൽ രണ്ട് ലക്ഷം രൂപ സബ്‌സിഡി ലഭിക്കുമെന്നതിനാല്‍ നിരവധി പേരാണ് ഡയറിഫാം ആരംഭിച്ചത്. എന്നാൽ പശുക്കൾ കൂട്ടത്തോടെ ചാവുന്നത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. കുളമ്പുരോഗവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വയറിളക്കവും പനിയും പശുക്കൾക്ക് ഇടയില്‍ പടരുന്നുണ്ട്.