കേരളം

kerala

ETV Bharat / state

ഇനിയും ചുരുളഴിയാത്ത കൂടത്തായി; ജോളിയുടെ അരുംകൊല പുറംലോകമറിഞ്ഞിട്ട് രണ്ടാമാണ്ട് - koodathai serial killings two years news

കൂടത്തായി കൂട്ടകൊലപാതക പരമ്പര പുറംലോകമറിഞ്ഞിട്ട് രണ്ട് വർഷം. ഒരു കുടുംബത്തിലെ ആറ് പേരുടെ മരണവും കൊലപാതകമാണെന്ന് പുറം ലോകം ഞെട്ടലോടെ അറിഞ്ഞത് 2019 ഒക്ടോബർ നാലിനായിരുന്നു.

കോഴിക്കോട് വാർത്ത  കോഴിക്കോട് കൊലപാതകങ്ങൾ ജോളി വാർത്ത  കൂടത്തായി കൂട്ടകൊലപാതക പരമ്പര വാർത്ത  ജോളി കൊലപാതകം രണ്ട് വർഷം വാർത്ത  കൂടത്തായ പരമ്പര വാർത്ത  jolly murder two years before news latest  koodathai serial killings news latest  koodathai serial killings two years news  jolly murder kozhikode news
ജോളിയുടെ അരുകൊല പുറംലോകമറിഞ്ഞിട്ട് രണ്ടാമാണ്ട്

By

Published : Oct 4, 2021, 10:38 AM IST

കോഴിക്കോട്:14 വർഷം നീണ്ട കൊലപാതകങ്ങളുടെ പരമ്പര… ഭർത്താവിനെയും ഭർതൃവീട്ടുകാരെയും തന്ത്രപൂർവ്വം കൊല ചെയ്‌ത ജോളി നിയമത്തിന് മുന്നിൽ പിടിയിലാകുമ്പോൾ കേരളം കൂടത്തായിയിലെ കൂട്ടകൊലപാതക പരമ്പര അറിഞ്ഞ് അക്ഷരാർഥത്തിൽ ഞെട്ടി. ഒരു കുടുംബത്തിലെ ആറ് പേരുടെ മരണവും കൊലപാതകമാണെന്ന് പുറംലോകമറിഞ്ഞത് 2019 ഒക്‌ടോബർ നാലിനായിരുന്നു. കൂടത്തായി കൊലപാതകം ചുരുളഴിഞ്ഞിട്ട് ഇന്ന് രണ്ട് വർഷം.

കല്ലറകളിൽ നിന്ന് മൃതശരീരാവശിഷ്‌ടങ്ങൾ പുറത്തെടുത്ത് പരിശോധിച്ചതിലൂടെയാണ് മരണം കൊലപാതമാണെന്ന് തെളിഞ്ഞത്. ഒരു വർഷം മുമ്പ് അന്വേഷണം പൂർത്തിയാക്കി ആറ് കേസുകളിലേയും കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. മുഖ്യപ്രതി ജോളി ജോസഫും കൂട്ടുപ്രതി എം.എസ് മാത്യുവും ജയിലിൽ തന്നെ. മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു.

2002 മുതൽ 2016... കണക്കുകൂട്ടി ജോളിയുടെ അരുംകൊല

ഭർത്താവ് ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്താൻ കേസിലെ മുഖ്യപ്രതിയായ ജോളിയമ്മ ജോസഫ് എന്ന ജോളി(47)യെ പ്രേരിപ്പിച്ച ഘടകം എന്തെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൊലപാതകങ്ങൾ നടന്നത്. റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയി തോമസ് (40), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്‍റെ സഹോദരൻ സ്‌കറിയയുടെ മകൻ ഷാജുവിന്‍റെ ഭാര്യ സിലി (44), ഇവരുടെ രണ്ട് വയസ്സ് പ്രായമുള്ള മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്.

ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്‍റെ മകൻ റോജോ തോമസ് നൽകിയ പരാതിയിലാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. കോഴിക്കോട് റൂറൽ എസ്‌പി ആയിരുന്ന കെ.ജി സൈമണനാണ് രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് അന്വേഷണത്തിന് തുടക്കമിട്ടത്. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണവും ഒടുവിൽ ജോളിയിൽ എത്തിച്ചേർന്നു.

പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന കഥകൾ ഓരോന്നായി പുറത്തുവന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോളി ജോസഫ് എൻഐടി പ്രൊഫസറായി വേഷം കെട്ടിയായിരുന്നു കൃത്യങ്ങൾ നടത്തിയത്. 14 വർഷത്തിനിടെ ജോളിയുടെ കൂട്ടാളികളായവരെല്ലാം അന്വേഷണ സംഘത്തിന് മുന്നിൽ എത്തി. കിട്ടുന്ന തെളിവുകളെല്ലാം ശേഖരിച്ച് കുറ്റപത്രവും സമർപ്പിച്ചു.

ഷാജുവിന്‍റെ ഭാര്യ സിലി കൊല്ലപ്പെട്ടതോടെ ഷാജുവും ജോളിയും തമ്മിൽ വിവാഹിതരായി. ഷാജുവിനെ വിവാഹം കഴിക്കാനോ സ്വത്തുക്കൾ തട്ടിയെടുക്കാനോ മാത്രമാണ് ജോളി ഈ ക്രൂരത ചെയ്‌തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും വിശ്വസിക്കുന്നില്ല. കേട്ടുകേൾവിയില്ലാത്ത ഈ അരുംകൊലക്ക് ജോളിയെ പ്രേരിപ്പിച്ചതിന് പിന്നിലെ ദുരൂഹതകൾ സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

More Read: 'തന്‍റെ ജീവനും ഭീഷണിയുണ്ട്' ; ജോളിയിൽ നിന്ന് വിവാഹമോചനം തേടി ഷാജു സക്കറിയ

ഭാര്യ മരിച്ച് ഒരു വർഷത്തിനിടെയാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇതിന് പിന്നിലെല്ലാം ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളിലേക്ക് അന്വേഷണം എത്തിയില്ലെന്നാണ് ആരോപണം. ഒടുവിൽ ജോളി ജോസഫിൽ നിന്നും വിവാഹമോചനം തേടി ഷാജു രംഗത്തെത്തി. ആറ് കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details