കോഴിക്കോട്:ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശിക കണ്ടെത്തിയതിനെ തുടർന്ന് ഫറോക്ക് ജോയിന്‍റ് ആർ.ടി.ഒയുടേതാണ് നടപടി. ഫറോക്ക് ചുങ്കത്തെ വാഹന ഷോറൂമിൽ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
ഇൻഡിഗോയുടെ ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് ഇൻഡിഗോ യാത്രക്കാർക്കും ജീവനക്കാർക്കുമായി സർവീസ് നടത്തുന്ന ബസാണിത്. 32,500 രൂപയാണ് അടക്കാനുള്ളത്. 7,500 രൂപയോളം പിഴയുമുണ്ട്. ഫറോക്ക് ജോയിന്‍റ് ആർടിഒ ഷാജു ബക്കറിന്‍റെ നിർദേശ പ്രകാരം അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ ഡി. ശരത്, ജിജി അലോഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നികുതി കുടിശ്ശിക അടച്ച് മറ്റു നടപടികൾ പൂർത്തിയായാൽ ബസ് വിട്ടുനൽകുമെന്നാണ് ആർ.ടി.ഒ അറിയിച്ചത്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് ഇൻഡിഗോ യാത്ര വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ പിടിച്ചുതള്ളിയിരുന്നു. സംഭവത്തിൽ വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) നിർദേശപ്രകാരം രൂപവത്കരിച്ച ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി വിമാനത്തിലെ മോശം പെരുമാറ്റം കണക്കിലെടുത്ത് ജയരാജന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് വന്ന ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ ഇനി ഇൻഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
also read:'വൃത്തികെട്ട കമ്പനി, നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല'; വിലക്കിന് പിന്നാലെ പൊട്ടിത്തെറിച്ച് ഇ.പി ജയരാജന്‍