കോഴിക്കോട്: തീകോരിയിട്ട സമരങ്ങൾ, പൊരുതിവീണ പോരാളികൾ, ഭാരതം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ വിസ്‌മൃതിയിലേക്ക് മറയുകയാണ് ആ സമരപോരാട്ടങ്ങളും. കാലത്തിനൊപ്പം പോയ്‌മറഞ്ഞ ഒരു ഓഗസ്റ്റ് വിപ്ലവത്തിന്‍റെ ഓർമയിലേക്കുള്ള യാത്രയാണിത്.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുക എന്ന മുദ്രാവാക്യവുമായി ഭാരതമൊന്നാകെ തെരുവിലിറങ്ങിയ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ നാളുകൾ... 1942 ഓഗസ്റ്റ് 9ന് ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കളെ ജയിലിലടച്ചു. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മഹാത്മജിയുടെ സന്ദേശം ഭാരതമാകെ ഏറ്റുവാങ്ങി. കേരളത്തില്‍ മലബാറിലാണ് ക്വിറ്റ് ഇന്ത്യ സമരം കരുത്താർജിച്ചത്.
സ്വാതന്ത്ര്യ മോഹത്താല്‍ ജ്വലിച്ചുയർന്ന ചേമഞ്ചേരി കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിലും ബ്രിട്ടീഷുകാർക്ക് എതിരായ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടു. 1942 ഓഗസ്റ്റ് 19ന് ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിന് പ്രക്ഷോഭകർ തീയിട്ടു. ബ്രിട്ടീഷുകാർ ഇന്ത്യ വിടുകയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്‌തതോടെ ചേമഞ്ചേരിയില്‍ കത്തിപ്പടർന്ന സമരവും വിസ്‌മൃതിയിലായി.
സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന ഈ സ്ഥലവും കെട്ടിടവും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് രജിസ്‌ട്രേഷൻ വിഭാഗത്തിന് കൈമാറി. ഇവിടെ കെട്ടിടം നിർമിക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗവും. കെട്ടിടത്തിന്‍റെ എസ്റ്റിമേറ്റും ഡിസൈനും തയാറാക്കാൻ തുടങ്ങിയെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷമേറെയായി. സബ് രജിസ്ട്രാർ ഇരുന്ന കസേരയുടെ ചുവട്ടിൽ ഇന്ന് കാടാണ്. ഈ കെട്ടിടത്തിന്‍റെ ഗതികേട് ആരും കാണാഞ്ഞിട്ടല്ല. കണ്ടില്ലെന്ന് നടിക്കുകയാണ്.
എല്ലാത്തിനും സാക്ഷിയായി ഈ ചെങ്കൽ തൂണുകൾ മാത്രം. ആ പോരാട്ടത്തിന്‍റെ ഓർമകൾക്കായി പൂക്കൾ വീഴുന്ന ക്വിറ്റ് ഇന്ത്യ സ്‌മാരക സ്‌തൂപമുണ്ടിവിടെ. വരാനിരിക്കുന്ന റോഡ് വികസനത്തിൽ ഈ സ്‌മാരകവും പൊളിച്ചുമാറ്റപ്പെടും. സ്വാതന്ത്ര്യ മോഹത്താല്‍ ജ്വലിച്ചുയർന്ന ചേമഞ്ചേരിയുടെ സമരമുഖം ഒരിക്കല്‍ ഇല്ലാതാകും.