കോഴിക്കോട്:സുവര്‍ണ ജൂബിലി നിറവിലാണ് ഏഷ്യയിലെ ആദ്യ സമ്പൂര്‍ണ വനിത പൊലീസ് സ്റ്റേഷന്‍. നാടിനെയും നാട്ടുകാരെയും ചേര്‍ത്ത് നിര്‍ത്തിയാണ് ജൂബിലി ആഘോഷങ്ങള്‍ കെങ്കേമമാക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം.
പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിരവധി പരിപാടികളാണ് ഇത്തവണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ നടന്ന 'പൊലീസും കുട്ട്യോളും' എന്ന പരിപാടി ഏറെ ശ്രദ്ധേയമായി. പുതിയറ ബിഇഎംയുപി സ്‌കൂളിലെ എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. മധുരം വിതരണം ചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്‌തു (Golden Jubilee Celebration In Police Station).
വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടി കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് അസിസ്‌റ്റന്‍റ് കമ്മിഷണർ കെ ഉമേഷ് ഉദ്‌ഘാടനം ചെയ്‌തു. പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് വിവരിച്ചതിന് പിന്നാലെ ലാത്തിയും കൈവിലങ്ങുമെല്ലാം കുട്ടികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. ഇതെല്ലാം സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള വിദ്യാര്‍ഥികള്‍ വളരെ കൗതുകത്തോടെയാണ് ഓരോന്നും നോക്കി കണ്ടത് (School Students Visit Police Station).
പൊലീസ് സ്റ്റേഷന്‍ എന്നാല്‍ എല്ലായിപ്പോഴും പലര്‍ക്കും ഭയം തോന്നാറുള്ള ഒരിടം കൂടിയാണ്. എന്നാല്‍ അത്തരമൊരു ചിന്താഗതി പുതുതലമുറയില്‍ ഉണ്ടാകാതിരിക്കാന്‍ കൂട്ടുകൂടിയും പാട്ടുപാടിയും ആര്‍ത്ത് വിളിച്ചും വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനിലും പരിസരത്തും സമയം ചെലവിടാനും അവസരം ഒരുക്കി. ആദ്യമായി പൊലീസ് സ്റ്റേഷന്‍റെ പടി കയറിയവരാണ് ഭൂരിഭാഗം പേരും (Women Police In Kozhikode).
അല്‍പം ഭയത്തോടെയും കൗതുകത്തോടെയും സ്റ്റേഷനിലെത്തിയ കുരുന്നുകള്‍ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്ത് വയ്‌ക്കാന്‍ ഒരുപിടി നല്ല ഓര്‍മകളുമായാണ് പൊലീസ് സ്റ്റേഷന്‍റെ പടിയിറങ്ങിയത്. കോഴിക്കോട് ടൗൺ അസിസ്റ്റന്‍റ് കമ്മിഷണർ പി ബിജുരാജാണ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചത്. കെപിഎ ജില്ല സെക്രട്ടറി രഗീഷ് പറക്കോട്, ജില്ല വൈസ് പ്രസിഡന്‍റ് കെ ടി നിറാസ്, പി കെ റജീന തുടങ്ങിയവർ സംസാരിച്ചു.