കോഴിക്കോട്:ദേശഭക്തിയിൽ ചരിത്ര നിമിഷം തീർത്ത് ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. വിദ്യാലയത്തിലെ 1,800 വിദ്യാർഥിനികൾ ചേർന്ന് ആലപിച്ച മെഗാദേശഭക്തി ഗാനം നവ്യാനുഭവമായി. 12 മിനിട്ടിലേറെ ദൈർഘ്യമുള്ള ഗാനത്തിൽ ഏഴ് ഇന്ത്യൻ ഭാഷകളുടെ സാന്നിധ്യമുണ്ടായിരുന്നു.
കന്നഡ, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകളാണ് ഒത്തുചേർന്നത്. ഇതര ഭാഷക്കാരായ വിദ്യാർഥിനികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഇന്ന് രാവിലെ നടന്ന ‘ഇന്ത്യാരാഗ് 2023’ എന്ന പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഉദ്ഘാടനം ചെയ്‌തത്. അഞ്ചാംതരം തൊട്ട് പ്ലസ്‌ടു വരെയുള്ള മിടുക്കികൾ സൃഷ്‌ടിച്ച രാഗതരംഗത്തിന് സാക്ഷിയാകാൻ നിരവധി പേരാണ് എത്തിയത്.
പൂവണിഞ്ഞത് അധ്യാപിക മിനിയുടെ സ്വപ്‌നം:പരിപാടിക്ക് ചുക്കാൻ പിടിച്ച സ്‌കൂളിലെ സംഗീത അധ്യാപിക മിനി ടീച്ചർക്ക് മന്ത്രി ഉപഹാരം കൈമാറി. 75 അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും നൽകിയ പിന്തുണയാണ് പരിപാടിയുടെ വിജയമെന്ന് മിനി ടീച്ചർ പറഞ്ഞു. വളരെ നാളായി മനസിൽ കൊണ്ടുനടന്ന ഒരാഗ്രഹം സഫലമായ നിമിഷത്തിൽ മിനി ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. പറയാൻ വാക്കുകൾ കിട്ടാതായി. കന്നഡ ഗാനം 'നന്ന ദേശ നന്ന ഉസിരു', സംസ്‌കൃത ഗാനം', 'ജയതി ജയതി ഭാരത മാത', തമിഴ് ഗാനം 'പാറുക്കുള്ള നല്ല നാട്', തെലുങ്ക് ഗാനം 'സംഘാടനം ഒക്ക യജ്ഞം', കൊങ്കണി ഗാനം' ഹർ ഹത് സത് രംഗ്', ഹിന്ദി ഗാനം 'ചന്ദൻ ഹേ മതി മേരേ ദേശ് കി', മലയാളം ഗാനം 'ജയ ജയ ജയ ജന്മഭൂമി' എന്നിവയാണ് ആലപിച്ചത്.