കോഴിക്കോട്: ഡിസംബറിന്‍റെ തണുപ്പ് അകന്ന് ചൂടിനെ നേരിടാനൊരുങ്ങുമ്പോൾ മനസും ശരീരവും തണുപ്പിക്കാൻ നഗരത്തിലെ പാതയോരങ്ങളില്‍ പനനൊങ്ക് വില്‍പ്പനയും സജീവമാകുകയാണ്. കരിക്ക് പോലെ തന്നെ പ്രകൃതിദത്ത വിഭവമായതിനാല്‍ നൊങ്കിന് ആവശ്യക്കാരേറെയാണ്. ദാഹ ശമനിയായും പോഷാകാഹാരമായും ഇത് ഉപയോഗിക്കുന്നു.
വേനല്‍ തുടങ്ങുന്നതോടെ തമിഴ്‌നാട്ടില്‍ നിന്ന് നൊങ്ക് വില്‍പ്പന സംഘങ്ങള്‍ എത്തുന്നത് പതിവാണ്. എന്നാല്‍ കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കച്ചവടക്കാര്‍ എത്തിയിരുന്നില്ല. പാലക്കാട് നിന്നും എത്തിക്കുന്ന നൊങ്ക് കോഴിക്കോട് ജില്ലയിലെ വെസ്റ്റിഹില്‍, കാരപറമ്പ്, വേങ്ങേരി, കാരന്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലായാണ് കച്ചവടം നടത്തുന്നത്. ലോറിയില്‍ നൊങ്കുകള്‍ ഇവിടേക്ക് എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരുണ്ടെന്നും കച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍ പറയുന്നു.