ഹൈപ്പർ ആക്‌ടീവ് വെല്ലുവിളികളെ ചെറുത്ത് ഒരു 15കാരന്‍ കോഴിക്കോട് : ഹൈപ്പർ ആക്‌ടീവ് അവസ്ഥയെ 'സിമ്പിള്‍ ആക്‌ടീവാക്കി' 15 വയസുകാരൻ. സ്വന്തമായി ഇലക്ട്രിക് സൈക്കിൾ നിർമിതിയിൽ വരെ എത്തിനിൽക്കുകയാണ് പന്തലായനി സ്വദേശി സായന്തിൻ്റെ നേട്ടം. ഏത് പ്രവർത്തിയിലും അമിതാവേശവും അതിബുദ്ധിയുമാണ് സായന്ത് പ്രകടമാക്കുന്നത്.
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഗതിമാറ്റി വിജയം കൈവരിക്കുന്ന ഒരു പ്രത്യേക രീതി. രണ്ടാം ക്ലാസ് മുതൽ സൈക്കിളിലായിരുന്നു യാത്ര. അത് ചവിട്ടി, ചവിട്ടി മടുത്തപ്പോൾ ഇലക്ട്രിക് സൈക്കിളിനെക്കുറിച്ച് ചിന്തിച്ചു. 14ാം വയസിൽ അതിനായി സൈക്കിൾ തന്നെ മാറ്റിപ്പണിഞ്ഞു, സ്വന്തമായി വെൽഡ് ചെയ്‌തു. കാലുവയ്‌ക്കാൻ രണ്ട് തണ്ടുവച്ചു, പെഡൽ ഊരിമാറ്റി അതിലേക്ക് ബിഎൽഡിസി മോട്ടോറും ബൈക്കിൻ്റെ ചങ്ങലയും ബാറ്ററിയും സ്വിച്ചുമെല്ലാം ഘടിപ്പിച്ചു.
ശാസ്ത്രമേളയിൽ അംഗീകാരം നേടി സായന്ത് : നാല് മണിക്കൂർ ചാർജ് ചെയ്‌താൽ 90 കിലോമീറ്റർ വരെ യാത്ര ചെയ്യാം. കോഴിക്കോട് ജില്ല ശാസ്ത്രമേളയിൽ അവതരിപ്പിച്ച ഈ കണ്ടുപിടുത്തത്തിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സായന്ത്. കൊയിലാണ്ടി മാപ്പിള ഹയർ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസുകാരനാണ് നാട്ടിലെ ഈ താരം. അഞ്ച് വർഷം മുന്‍പ് വീടുപണിക്ക് വന്ന തൊഴിലാളികൾ ഉപയോഗിക്കുന്ന ആയുധങ്ങളിൽ തൊട്ടാണ് തുടക്കം. അച്ഛനോട് പറഞ്ഞ് പണിയായുധങ്ങൾ ഓരോന്നായി വാങ്ങിപ്പിച്ചു. പിന്നീട് നാട്ടുകാർക്ക് സേവനാടിസ്ഥാനത്തിൽ നായക്കൂടും കോഴിക്കൂടും, കത്തിയും കൊടുവാളുമൊക്കെ പണിതുകൊടുത്തു.
നിലവിൽ ഈ ആല യന്ത്രനിബിഡമാണ്. വെൽഡിങ് മെഷീൻ, ഗ്രൈന്‍ഡര്‍, പ്ലാനർ, ബ്ലോവർ, ഡ്രില്ലിങ് മെഷീൻ അങ്ങനെ അങ്ങനെ. എന്താവശ്യപ്പട്ടാലും വാങ്ങിച്ചുകൊടുക്കാൻ അച്ഛൻ തയ്യാറാണ്. വില്ലേജ് ഓഫിസറായി വിരമിച്ച പന്തലായനി ചെമ്പകശ്ശേരിയില്‍ ശ്രീധരൻ്റേയും ഗീതയുടേയും മകനാണ് 15കാരനായ ജിഎസ് സായന്ത്. ഇനി ലക്ഷ്യം പോളിടെക്‌നിക്ക് പഠനമാണ്. അതിനാദ്യം എസ്‌എസ്‌എൽസി കടമ്പ കടക്കണം. അതിനായി ട്യൂഷൻ അധ്യാപകൻ പ്രബിൻ പ്രഭാകരനും സ്‌കൂള്‍ അധ്യാപകരും കൂടെയുണ്ട്.