കോഴിക്കോട്: മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ അടിവാരത്തു നിന്ന് വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച രണ്ടു ട്രെയിലറുകൾ ചുരം കയറി. രാത്രി പതിനൊന്നു മണിയോടെ തുടങ്ങിയ യാത്ര പുലർച്ചെ 1.10ന് എട്ടാമത്തെ വളവും പിന്നിട്ടു.
ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയിലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയിലറുകൾ വെള്ളിയാഴ്‌ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. ട്രെയിലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു.
താമരശ്ശേരി ഡിവൈഎസ്‌പി ടി കെ അഷ്റഫിൻ്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസിൽദാർ സി സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയർ ആൻഡ് റെസ്ക്യു ഫോഴ്‌സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെഎസ്ഇബി അധികൃതരും ചുരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.