കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിവില. സീസൺ അല്ലാതിരുന്നിട്ടും വിലവർധനവ് തുടരുന്നതിൽ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്. ഒരു കിലോ കോഴി ഇറച്ചിക്ക് 250ഉം അതിന് മുകളിലുമാണ് നിലവിലെ വിപണി വില. മാത്രമല്ല ചരിത്രത്തിലെ ഏറ്റവും വലിയ വർധന കൂടിയാണ്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കോഴി കച്ചവടക്കാരും 14-ാം തീയതി മുതൽ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗത്തുള്ള വ്യാപാരികളും കടയടപ്പ് സമരത്തെക്കുറിച്ച് ആലോചിച്ചുവരികയാണ്.
മറുപടിയില്ലാതെ കുതിച്ച് കോഴി വില:കോഴി ഇറച്ചിയുടെ വില വര്‍ധിപ്പിക്കുന്നത് എത് സാഹചര്യത്തിലാണ് എന്നതിൽ പോലും ആർക്കും മറുപടിയില്ല. ഇതരസംസ്ഥാനത്ത് നിന്ന് ആവശ്യത്തിന് കോഴി എത്താത്ത സമയത്താണ് സാധാരണമായി വില വർധിക്കാറുള്ളത്. കേരളത്തിൽ തന്നെ ചെറുകിട കോഴി കർഷകർ നിരവധിയുള്ളതിനാല്‍ തന്നെ ഈ ഘട്ടത്തിലും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യവും കുറവാണ്. എന്നാല്‍ ഉത്സവ സീസണില്‍ പോലുമില്ലാത്ത വില വര്‍ധനവിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയർന്നിരിക്കുന്നത്.
വര്‍ധന ലോബികളുടെ സൃഷ്‌ടിയോ?: ഫാമുകളുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്. ഉത്പാദനം വർധിച്ചിട്ടും വില കുറക്കുന്നതിനു പകരം തമിഴ്നാടില്‍ നിന്നുൾപ്പെടെയുള്ള ഉത്പാദന, വിപണന ലോബികൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അഭ്യർഥിക്കുകയാണ് കോഴി ഇറച്ചി വ്യാപാരികൾ.