കോഴിക്കോട്:അഴിയൂരില്‍ വീട്ടമ്മയെ തലക്കടിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മോഷ്‌ടാക്കളുടെ ദൃശ്യം സിസിടിവിയില്‍. ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. രണ്ട് പേരാണെന്ന് കവര്‍ച്ചക്കെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
വീട്ടമ്മയുടെ തലക്കടിച്ച് സ്വർണം കവർന്നു; പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ - വീട്ടമ്മയെ തലക്കടിച്ച് സ്വർണം കവർന്നു
വെള്ളിയാഴ്‌ച ഉച്ചക്കാണ് മോഷ്‌ടാക്കള്‍ വീട്ടമ്മയെ അക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
കല്ലാമലയില്‍ ദേവീകൃപയില്‍ സുലഭയാണ് (55) വെള്ളിയാഴ്‌ച ഉച്ചക്ക് അക്രമത്തിന് ഇരയായത്. സുലഭയുടെ ഭര്‍ത്താവ് രവീന്ദ്രനോട് കൊവിഡ് വാക്‌സിന്‍ എടുക്കാനുള്ള ടോക്കണിനായി പഞ്ചായത്തിലെത്തണമെന്ന് പറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേന ഒരാള്‍ വീട്ടില്‍ എത്തിയിരുന്നു.
രവീന്ദ്രന്‍ പുറത്തുപോയതിനു പിന്നാലെയാണ് അജ്ഞാതൻ വീട്ടില്‍ കയറി സുലഭയുടെ മാല തട്ടിപ്പറിച്ചതും പിടിവലിക്കിടയില്‍ തലക്കടിച്ച് വീഴ്ത്തിയതും. നാലര പവന്‍ മാലയുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ വന്നതിന് ശേഷം മറ്റൊരാളും എത്തിയതായി ദൃശ്യത്തിലുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യത്തിലെ പ്രതികളെ തിരിച്ചറിയുന്നവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.