മുസ്‌ലിം കുടുംബത്തിലെ ഹിന്ദു ശവ സംസ്‌കാര ചടങ്ങ് കോഴിക്കോട്:മുസ്‌ലിം കുടുംബത്തിൽ ഒരു ഹിന്ദു ആചാര പ്രകാരമുള്ള ശവ സംസ്‌കാര ചടങ്ങ്. അവിശ്വസനീയമല്ല ഇത്.. വാസ്‌തവമാണ്. കുടുംബാംഗത്തെ പോലെ വളർന്ന രാജൻ വിട്ടു പിരിഞ്ഞപ്പോൾ സംസ്‌കാരത്തിനും സ്വന്തം വിശ്വാസം മാറ്റിവച്ച ഒരു മുസ്‌ലിം കുടുംബത്തിന്‍റെ കഥയാണിത്.
ഈ സംസ്‌കാരത്തെ കുറിച്ചറിയാന്‍ 40 വര്‍ഷം പിന്നിലേക്ക് പോകാം. ചെറുപ്രായത്തിലെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട പാലക്കാട് നെന്മാറ വിത്തനശേരി രാജൻ. നന്നംമുക്ക് പഞ്ചായത്ത് അംഗവും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന കെവി മുഹമ്മദ് പുത്തനത്താണിയിലെ ഒരു വഴിയോര ഭക്ഷണ ശാലയിൽ ഭക്ഷണം കഴിക്കാനെത്തി. അപ്പോഴാണ് പഴകി ദ്രവിച്ച വസ്‌ത്രങ്ങളണിഞ്ഞ് വിശന്നൊട്ടിയ വയറുമായി ഭക്ഷണശാലയ്‌കരികില്‍ നില്‍ക്കുന്ന യുവാവിനെ കണ്ടത്. പേര് ചോദിച്ചപ്പോള്‍ രാജന്‍ എന്ന് പറഞ്ഞു.
വിശന്ന് വലഞ്ഞിട്ടുണ്ടെന്ന് മനസിലാക്കിയ മുഹമ്മദ് വയറ് നിറയെ ഭക്ഷണവും വാങ്ങിച്ച് കൊടുത്തു. ഭക്ഷണം കഴിച്ച രാജന്‍ നാട്ടിലേക്കെന്ന് പറഞ്ഞ് റോഡിലൂടെ ലക്ഷ്യമില്ലാതെ നടക്കാൻ തുടങ്ങി. എന്നാല്‍ മുഹമ്മദ് രാജനെ പിന്തുടര്‍ന്നു. രാജനെ തന്‍റെ വീട്ടിലേക്ക് കൈ പിടിച്ചു.
ആറു പെൺമക്കളും ഒരു മകനുമുള്ള മുഹമ്മദിന്‍റെ കണ്ണംചാത്ത് വളപ്പിൽ വീട്ടിൽ രാജൻ പുതിയ ജീവിതം ആരംഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു. എന്നാൽ രാജന് പോകാൻ സ്വന്തമായൊരു ഇടമില്ലെന്ന് മുഹമ്മദിന് ബോധ്യമായി. അതുകൊണ്ട് പറഞ്ഞ് വിടാനും മുഹമ്മദിന് മനസുവന്നില്ല.
രാജൻ അങ്ങിനെ പിന്നീട് കുടുംബത്തിലെ ഒരംഗമായി. മകനെ പോലെ വളർത്തി. വര്‍ഷങ്ങള്‍ ഓരോന്ന് കൊഴിഞ്ഞു പോയി. ഇതിടെ മുഹമ്മദ് മരിച്ചു. പിതാവ് മരിച്ചപ്പോൾ രാജനെ ഏതെങ്കിലും അഭയ കേന്ദ്രത്തിൽ ഏൽപ്പിക്കാൻ മകൻ അലിമോനോട് പലരും ആവശ്യപ്പെട്ടു. പക്ഷേ, അവനെ ഉപേക്ഷിക്കാൻ മകനും തയ്യാറായില്ല. തന്‍റെ പിതാവ് വീട്ടിലേക്ക് കൂട്ടികൊണ്ടുവന്ന ഒരാളെ പരിപാലിക്കുന്നതിൽ പുണ്യമുണ്ടെന്ന് അലിമോനും മനസിലാക്കി.
വീട്ടിലും കൃഷിഭൂമിയിലുമൊക്കെ രാജൻ ജോലി ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയുടെ രൂപത്തില്‍ മരണം രാജനെ കവര്‍ന്നത്. നെഞ്ചുവേദന അനുഭവപ്പെട്ട രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിന് അലിമോന്‍റെ കുടുംബാംഗങ്ങളും. ഒടുവിൽ ശ്വാസം നിലച്ചു.
മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ഉമ്മറത്ത് പായ വിരിച്ച് നിലവിളക്ക് തെളിയിച്ചു. നാഴി അരിയും ഇടങ്ങഴി നെല്ലും തെച്ചി പൂവും തുളസിയിലയും ഒരുക്കി. സംസ്‌കാരത്തിന് മുമ്പ് ആളുകൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കി. അലിമോനും സഹോദര പുത്രൻ മുഹമ്മദ് റിഷാനും ചേർന്ന് ഒടുവില്‍ ചിതക്ക് തീ കൊളുത്തി. രാജന്‍റെ ആത്മാവിന് വേണ്ടി ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ ആചാരങ്ങളും തുടർന്നും ചെയ്യുമെന്ന് കുടുംബം പറഞ്ഞു.
മുസ്‌ലിം കുടുംബത്തിൽ വിത്തനശ്ശേരി രാജൻ ഒരു ഹിന്ദുവായി ജീവിച്ചു. ഒരുപാട് വർഷങ്ങൾ. 62 ആം വയസിൽ രാജൻ മരിച്ചപ്പോൾ. കുറ്റിക്കാട് ശ്‌മശാനത്തിൽ അവന് നിത്യശാന്തി. തീർന്നില്ല, തന്‍റെ “സഹോദരന്‍റെ” ചിതാഭസ്‌മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്യുന്ന ഒരു ചടങ്ങിന് കൂടി കാലം സാക്ഷിയാകും. മരണത്തിലും മറക്കാത്ത മത സൗഹാർദത്തിന്‍റെ മറ്റൊരെടായി അത് എന്നും ഒർമ്മിക്കപ്പെടും.
also read:ആരോരുമില്ലാത്തവര്‍ക്കൊരു കൈതാങ്ങ്; അജ്ഞാത മൃതദേഹങ്ങള്‍ ഏറ്റെടുത്ത് നജ്‌മുദ്ദീന്‍; ഇത് മനുഷ്യത്വത്തിന്‍റെ കഥ