കോഴിക്കോട് :പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. എംഎസ്എഫ്, എസ്‌ഐഒ എന്നീ സംഘടനകളാണ് പ്രകടനം നടത്തിയത്. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 26) ഉച്ചയോടെയാണ് പ്രതിഷേധമുണ്ടായത്.
'ഭരണഘടനാലംഘനം, സ്‌കൂളിന്‍റെ അംഗീകാരം റദ്ദാക്കണം'; ഹിജാബ് വിവാദത്തില്‍ പ്രൊവിഡന്‍സ് സ്‌കൂളിനെതിരെ പ്രതിഷേധം - kozhikode todays news
സ്‌കൂളിൽ അഡ്‌മിഷനെടുക്കാനെത്തിയ വിദ്യാര്‍ഥിയോട് ഹിജാബ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് വിവാദമുയര്‍ന്നത്
മാർച്ച് സ്‌കൂളിന് മുന്‍വശത്ത് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ പറഞ്ഞു. ഭരണഘടനാവകാശങ്ങൾ നിഷേധിക്കുന്ന പ്രൊവിഡൻസ് സ്‌കൂളിന്‍റെ അംഗീകാരം റദ്ദ് ചെയ്യണമെന്ന് എസ്‌ഐഒ ആവശ്യപ്പെട്ടു.
കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഹിജാബ് വിവാദമുയര്‍ന്നത്. സ്‌കൂളിൽ അഡ്‌മിഷനെടുക്കുന്ന സമയത്ത്, ഹിജാബ് അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാട് ഉയര്‍ത്തിയിരുന്നു. എന്നാൽ, ഹിജാബില്ലാതെ പഠനം തുടരാനാകില്ലെന്ന് ഒരു വിദ്യാർഥിയും കുടുംബവും അറിയിച്ചു. അധികൃതര്‍ ഇക്കാര്യത്തില്‍ അയവുവരുത്താതെ വന്നതോടെയാണ് വിവാദം ശക്തിപ്പെട്ടത്.