കോഴിക്കോട് : ഏക സിവല്‍ കോഡിനെതിരെ (Uniform Civil Code) കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അവതരിപ്പിക്കാനിരുന്ന പ്രമേയം പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രമേയം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നാളെ (21/07/23) ചേരുന്ന യോഗത്തിന്‍റെ അജണ്ടയിലായിരുന്നു പ്രമേയം ഉള്‍പ്പെടുത്തിയിരുന്നത്.
പ്രമേയം കോര്‍പ്പറേഷന് പുറത്തുളള കാര്യമാണെന്നും നഗരപാലിക നിയമങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്നും കാണിച്ച് ബിജെപി കൗണ്‍സിലര്‍ നവ്യ ഹരിദാസ്, മേയര്‍ക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്‍ അവതരണാനുമതി നിഷേധിച്ചിരുന്നില്ല. തുടര്‍ന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്‍റെ നിയമങ്ങള്‍ക്കെതിരെ പ്രമേയങ്ങള്‍ പാസാക്കാന്‍ ഭരണഘടന നിയമ പ്രകാരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന് അധികാരമില്ലെന്നാണ് ബിജെപി കൗണ്‍സിലറുടെ വാദം. ഭരണഘടനയുടെ പരിധിയില്‍പ്പെടുന്ന വിഷയങ്ങളില്‍ കോര്‍പ്പറേഷന്‍ എതിര്‍ പ്രമേയങ്ങള്‍ കൊണ്ടുവന്നാല്‍ നടപടികളെടുക്കാനും വകുപ്പുകളുണ്ട്. നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ പ്രമേയങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്‍റെ ഔപചാരികമായ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുന്‍പ് കശ്‌മീര്‍ വിഷയത്തിലടക്കം കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കിയിരുന്നു.
സിപിഎം സെമിനാർ ചീറ്റിപ്പോയെന്ന് സുരേന്ദ്രൻ : അതേസമയം, ഏക സിവിൽകോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഏക സിവില്‍ നിയമത്തെ അനുകൂലിക്കുന്നവരുടെ ശബ്‌ദം കേള്‍പ്പിക്കാനുള്ള സാഹചര്യം സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ലെന്നും സംവാദം എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു സിപിഎം ശ്രമിച്ചതെന്നും അതൊരു പാര്‍ട്ടി സമ്മേളനം മാത്രമായിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.