കോഴിക്കോട്ട് മഴ ശക്തമാകുന്നു; ദുരിതാശ്വാസ ക്യാമ്പ് തുറന്നു - കോഴിക്കോട് മഴ
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നൽകി.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴ ശക്തമാകുന്നു. മഴയെ തുടര്‍ന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കൊയിലാണ്ടി തൃക്കുറ്റിശ്ശേരി അവിടനല്ലൂർ ജിയുപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 33 കുടുംബങ്ങളിലെ 139 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ പകൽ വലിയ തോതിൽ മഴ പെയ്തിരുന്നില്ല. എന്നാൽ രാത്രിയോടെ മഴ ശക്തമായി. കിഴക്കൻ മലയോര മേഖലയിലും മഴ ശക്തമായിട്ടുണ്ട്. തീര പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം ഇന്നലെ അറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ പ്രളയ സമയത്ത് വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്ത് താമസിക്കുന്നവരും എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.