കേരളം

kerala

ETV Bharat / state

കോഴിക്കോട് കനത്ത മഴ തുടരുന്നു ; മലയോര മേഖലയിലടക്കം വൻ നാശനഷ്‌ടങ്ങൾ

കനത്ത മഴയെ തുടർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ രണ്ട്‌ കിണറുകൾ ഇടിഞ്ഞുതാണു. സംസ്ഥാന പാതയിൽ രൂപപ്പെട്ട കുഴികൾ അപകട ഭീഷണി ഉയർത്തുന്നു

Heavy rain in Kozhikode  damage in hilly areas of kozhikode  heavy rain wrecks havoc in kozhikode  കോഴിക്കോട് കനത്ത മഴ  മലയോര മേഖലയിൽ മഴയിൽ നാശനഷ്‌ടങ്ങൾ  മഴയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നു
കോഴിക്കോട് കനത്ത മഴ തുടരുന്നു; മലയോര മേഖലയിലടക്കം വൻ നാശനഷ്‌ടങ്ങൾ

By

Published : Jul 9, 2022, 7:12 PM IST

കോഴിക്കോട് : ജില്ലയിൽ ഒരാഴ്‌ചയിലധികമായി തുടരുന്ന ശക്തമായ മഴയിൽ മലയോര മേഖലയിൽ വൻ നാശനഷ്‌ടങ്ങൾ. കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴുകയും ഒരു വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീഴുകയും ചെയ്‌തു. പ്രവൃത്തി പുരോഗമിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പി.സി ജങ്ഷനിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ രൂപപ്പെട്ട വലിയ കുഴികൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. രണ്ട് ദിവസം മുൻപ് ചെറിയ രീതിയിൽ രൂപപ്പെട്ട കുഴികളാണ് ഇപ്പോൾ വലിയ കുഴികളായി മാറിയത്. കാരശ്ശേരി വൈശ്യംപുറത്ത് പുത്രശ്ശേരി വത്സലയുടെ കിണറിലേക്ക് മണ്ണിടിഞ്ഞുവീണ് കിണർ ഉപയോഗപ്രദമല്ലാതായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മഴയെത്തുടർന്ന് 10 അടിയോളം താഴ്‌ചയുള്ള കിണർ മണ്ണിടിഞ്ഞുവീണ് മൂടിയത്.

കോഴിക്കോട് കനത്ത മഴ തുടരുന്നു; മലയോര മേഖലയിലടക്കം വൻ നാശനഷ്‌ടങ്ങൾ

മൂന്ന് വീട്ടുകാർ ഉപയോഗിക്കുന്ന കിണറിൻ്റെ മുകൾഭാഗത്തുള്ള മണ്ണ് അടർന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ആൾമറയില്ലാത്ത കിണറാണ് ഇടിഞ്ഞത്. രണ്ട് മോട്ടോർ പമ്പ് സെറ്റുകൾ ഉൾപ്പടെ മണ്ണിൽ കുരുങ്ങി. ഇതിനോട് തൊട്ടുചേർന്ന് നിർമാണം തുടങ്ങിയ വീടിൻ്റെ തറയ്ക്കും കേടുപാട് സംഭവിച്ചു. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി തയ്യിൽ സിദ്ധിഖിന്‍റെ വീട്ടുമുറ്റത്തെ കിണറും ഇടിഞ്ഞുതാഴ്ന്നു.

സിദ്ധിഖ്, സഹോദരൻ അബ്‌ദുള്‍ സലാം എന്നിവരുടെ കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറാണ് വെള്ളിയാഴ്‌ച പുലർച്ചെ ആൾമറയടക്കം ഇടിഞ്ഞത്. രണ്ട് പമ്പ് സെറ്റുകളും കിണറിന് അടിയിലായി. വ്യാഴാഴ്‌ച രാത്രിയുണ്ടായ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് കാരശ്ശേരി പഞ്ചായത്തിലെ ചോണാട് കരിമ്പനക്കണ്ടി കരിക്കുട്ടിയുടെ വീട് അപകട ഭീഷണിയിലായി. വീടിൻ്റെ പിറകുവശത്തെ മതിലാണ് ഇടിഞ്ഞുവീണത്. അവശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്.

ABOUT THE AUTHOR

...view details