കോഴിക്കോട് : ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത കാറ്റും മഴയും കൃഷിനാശവും. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളില്‍ വ്യാപക നാശമാണുണ്ടായത്. താമരശ്ശേരിയിലും മാവൂരിലും വീടുകൾക്ക് മുകളിൽ മരം വീണു. പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റിലെ നൂറുകണക്കിന് റബ്ബർ മരങ്ങൾ നിലം പതിച്ചു.
നഗരത്തിൽ കാര്യമായ മഴയില്ലെങ്കിലും മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വ്യാപകമായ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ചുങ്കം പനംതോട്ടത്തിൽ ടി.പി സുബൈറിൻ്റെ വീടിന് മുകളിലേക്കാണ് മരം വീണത്.
മാവൂരിലും നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റിൽ നൂറുകണക്കിന് റബ്ബർ മരങ്ങളാണ് നിലം പതിച്ചത്. കുറ്റ്യാടി കാവിലുംപാറയിൽ നിരവധി മരങ്ങൾ കടപുഴകി. തൊട്ടിൽപാലം കുണ്ടുതോട് റോഡിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്.
മഴ തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിന്‍റെ ഷട്ടർ 30 സെന്‍റിമീറ്റർ ഉയർത്തി. 50 ഘടനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കുറ്റ്യാടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദേശവും ജില്ല ഭരണകൂടം നൽകിയിട്ടുണ്ട്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്.