ഇടിവി ഭാരതിനോട് പ്രതികരിച്ച് ഹര്‍ഷിന കോഴിക്കോട്: തിരുവോണ നാളിൽ തെരുവോരത്ത് പട്ടിണി കിടക്കാൻ തീരുമാനിച്ച് ഹർഷിന (Harshina). വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ നീതി തേടിയുള്ള ഹർഷിനയുടെ സമരം(Protest) തിരുവോണനാളിൽ നൂറാം ദിവസത്തേക്ക് കടക്കുകയാണ്. തെറ്റ് ചെയ്‌ത ഡോക്‌ടർമാരോടൊപ്പം അവരുടെ സംഘടന കൂട്ടുനിൽക്കുന്നതാണ് നീതി നിഷേധിക്കപ്പെടാൻ കാരണമെന്ന് ഹർഷിന ഇടിവി ഭാരതിനോട് പറഞ്ഞു.
ആരോഗ്യ വകുപ്പ് (Health Department) കരുതുന്നത് സമരം അവർക്കെതിരെയാണെന്നാണ്. അവരുടെ അപകർഷതാബോധത്തിൽ നിന്നാണ് നീതി നിഷേധിക്കപ്പെടുന്നത്. സമരം മെഡിക്കൽ കോളജിന്(Medical College) എതിരല്ല, തെറ്റ് സമ്മതിക്കാൻ കൂട്ടാക്കാത്തവർക്ക് എതിരെ മാത്രമാണെന്ന് ഹര്‍ഷിന പറഞ്ഞു.
അഞ്ച് വർഷം വേദന തിന്നു. വീട്ടിൽ ഒതുങ്ങി കഴിഞ്ഞ തനിക്ക് സമരവുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. ഇവിടെ നേരിടുന്നത് നികൃഷ്‌ടമായ രീതിയിലുള്ള അപമാനമാണ്.
നീതി ലഭിക്കാതെ തിരികെ പോകില്ലെന്ന് ഹര്‍ഷിന (Harshina Need Justice): തെറ്റ് പറ്റിയെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ താൻ പിന്മാറിയേനേ. കുറച്ച് ദിവസം സമരമിരുന്ന് പിന്മാറുമെന്ന് അവർ കരുതി. നൂറല്ല അഞ്ഞൂറ് ദിവസം തെരുവിൽ ഇരിക്കേണ്ടി വന്നാലും നീതി ലഭിക്കാതെ തിരികെ പോകില്ല-'' ഹർഷിന പറഞ്ഞു.
ഡോക്‌ടർമാർക്ക് സംഭവിച്ചത് വലിയ തെറ്റാണ്. അതിൻ്റെ ശിക്ഷ അവർ അനുഭവിക്കണം. നഷ്‌ടപരിഹാരം ലഭിക്കാൻ വേണ്ടിയല്ല തൻ്റെ പ്രതിഷേധമെന്നും നേരിട്ട നഷ്‌ടങ്ങൾ കണക്കാക്കി ഒരു പരിഹാരം തന്നാൽ സർക്കാരിന് നഷ്‌ടമുണ്ടാകുമോ എന്നും ഹർഷിന ചോദിച്ചു.
സമരത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ട്. രാഷ്ട്രീയ വേർതിരിവില്ല. എതിര് നിൽക്കുന്നത് ഡോക്‌ടർമാരുടെ സംഘടന മാത്രമാണ്.
മെഡിക്കൽ എത്തിക്‌സിനു വിരുദ്ധമാണ് കെജിഎംസിടിഎ നിലപാട്. മെഡിക്കൽ ബോർഡിൻ്റെ തീരുമാനം അനുശാസിക്കാം എന്ന സുപ്രീംകോടതി ഉത്തരമാണ് കെജിഎംസിടിഎ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ മനഃസാക്ഷിയെ മറക്കരുതെന്നും ഹർഷിന കൂട്ടിച്ചേർത്തു.
നടപടിയെടുക്കാന്‍ പൊലീസ്(Police Is Ready To Take Action): അതേസമയം, സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജില്ല ഗവണ്‍മെന്‍റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്‌ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്‌ടർമാരെയും നഴ്‌സുമാരെയും അറസ്‌റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം.
ശസ്ത്രക്രിയ ചെയ്‌ത രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരുമാണ് കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.
കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. എന്നാല്‍, ഈ റിപ്പോർട്ട് ജില്ല മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.
കേസില്‍ ഡോക്‌ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തിയിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് കാട്ടാന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നു. ഇതിന് എന്ത് തെളിവാണ് പൊലീസിന്‍റെ കൈയിലുള്ളതെന്നാണ് കെജിഎംസിടിഎ ചോദിക്കുന്നത്.
സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളജിനോടുള്ള ഭയം സൃഷ്‌ടിക്കാനേ ഇത് ഉപകരിക്കൂ എന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ഡോക്‌ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി.