കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം (Scissors in Stomach Case) കുടുങ്ങിയ കേസിൽ സമരസമിതി യോഗം അവസാനിച്ചു. കേസിൽ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നാണ് ഹർഷിനയുടെയും സമരസമിതിയുടെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഈ മാസം 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരിപ്പ് സത്യഗ്രഹ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
നിയമസഭ സമ്മേളനം വരെ കാത്തിരിക്കുമെന്നും തുടർന്നും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സമരസമിതി വ്യക്തമാക്കി. വയറ്റിൽ കത്രിക കുടുങ്ങിയത് ചികിത്സപിഴവ് തന്നെയാണെന്നും ഡോക്‌ടർമാരുടെ സംഘടനകളായ ഐഎംഎ (IMA) അടക്കമുള്ളവയുടെ പ്രതിഷേധം മനുഷ്യത്വരഹിതമാണെന്നുമാണ് ഹർഷിനയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് 104 ദിവസമായി നടത്തി വന്ന സമരം ഹർഷിന അവസാനിപ്പിച്ചത് (Harshina ends Strike). കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ചതോടെ, പൊലീസ് അന്വേഷണത്തിൽ തൃപ്‌തി രേഖപ്പെടുത്തി ആയിരുന്നു തീരുമാനം. (Harshina ended Strike Scissors in Stomach Case). കോഴിക്കോട് മെഡിക്കൽ കോളജിന് (Medical College Kozhikode) മുന്നിൽ ഇക്കഴിഞ്ഞ മേയ് 22 നാണ് അനിശ്ചിത കാല സത്യഗ്രഹ സമരം ഹർഷിന ആരംഭിച്ചത്.
പിന്നാലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖർ സമരപ്പന്തലിലെത്തി ഹർഷിനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരത്തിൻ്റെ 100-ാം ദിനമായ തിരുവോണ നാളിൽ, ഹർഷിന സമര സഹായ സമിതിയുടെ നേതൃത്വത്തിൽ പട്ടിണി സദ്യ സംഘടിപ്പിച്ചത് വാർത്തയായിരുന്നു. നടനും സാംസ്‌കാരിക പ്രവർത്തകനുമായ ജോയ് മാത്യുവാണ് (Joy Mathew) പരിപാടി ഉദ്‌ഘാടനം ചെയ്‌തത്.