കോഴിക്കോട്: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഹാർബർ നിർമാണം ആരംഭിച്ച ശേഷം അശാസ്ത്രീയതയുടെ പേരില്‍ പാതി വഴിയില്‍ മുടങ്ങിയ കോഴിക്കോട് വെള്ളയിൽ ഹാർബർ നിർമാണം വീണ്ടും തുടങ്ങി. റോഡുകളുടെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെയും നിർമാണം ഭാഗികമായി പൂർത്തിയായി. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിലെ വൈദ്യുതീകരണം അടക്കമുള്ള ജോലികളാണ് ഇനി ബാക്കിയുള്ളത്. ഹാർബറുമായി ബന്ധപ്പെട്ട ഓഫീസുകൾ, സബ് ഡിവിഷൻ ഓഫീസ് തുടങ്ങിയവ ഇതിനുള്ളിൽ ആയിരിക്കും. ചുറ്റുമതിൽ നിർമാണവും പുരോഗമിക്കുകയാണ്.
വെള്ളയില്‍ ഹാർബർ നിർമാണം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ നബാർഡിൽ നിന്ന് അനുവദിച്ച 6.5 കോടി രൂപ ഉപയോഗിച്ചാണ് അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. പുലിമുട്ടിന്‍റെ നീളം കൂട്ടലാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുലിമുട്ടിന്‍റെ നീളം കൂട്ടുന്നതോടെ വലിയ മീൻപിടിത്ത ബോട്ടുകൾ ഹാർബറിൽ അടുപ്പിക്കാൻ കഴിയും.
നിലവിൽ പുതിയ ഹാർബറിലെ നിർമാണപ്രവർത്തനം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അല്ലെന്നും മത്സ്യ കച്ചവടക്കാർക്ക് വേണ്ടിയാണെന്നും തങ്ങൾക്ക് ആവശ്യമായ ബോട്ട് ജെട്ടിയുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പുലിമുട്ട് അശാസ്ത്രീയത കാരണം ഹാർബറിലേക്ക് തിരമാല അടിച്ചുകയറി രണ്ടുവർഷത്തിനിടെ 40 ചെറുതും വലുതുമായ വള്ളങ്ങളാണ് തകർന്നത്. പുതിയ പദ്ധതി പ്രകാരം വടക്ക് പടിഞ്ഞാറ് ഭാഗത്തെ പുലിമുട്ട് നീളം 490 മീറ്റർ കൂടെ കൂട്ടും. ഇത് പൂർത്തിയായാൽ ഹാർബറിലേക്ക് വെള്ളം കയറുന്നതും ചെളിയടിയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഹാർബറിൽ മലിന ജലം കെട്ടി നിൽക്കുന്നതാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന മറ്റൊരു പ്രശ്നം. മലിന ജലം കടലിലേക്ക് ഒഴുകാതെ കെട്ടി നിൽക്കുകയാണ്. ഈ പ്രശ്നം ഒഴിവാക്കാൻ ഹാർബറിൽ ഓവുചാൽ നിർമിക്കാൻ പദ്ധതിയുണ്ട്. ഹാർബറിൽ കൂടുതൽ സ്ഥലസൗകര്യം കിട്ടാനായി ഇവിടെയുള്ള ചാപ്പകൾ മാറ്റും. ഇവർക്കായി നേരത്തെ 32 മുറികളുള്ള കെട്ടിടം നിർമിച്ചിട്ടുണ്ട്.
വാടകയുടെ കാര്യത്തിൽ സർക്കാർ തലത്തിൽ അന്തിമ തീരുമാനമായാൽ ചാപ്പകൾ കെട്ടിടത്തിലേക്ക് മാറ്റും. നിലവിൽ മത്സ്യത്തൊഴിലാളികൾ പുതിയാപ്പ, ബേപ്പൂർ ഹാർബറുകളിലാണ് ബോട്ടുകൾ ഇടുന്നത്. ഹാർബറിലെ മറ്റ് നിർമാണ പ്രവർത്തനത്തേക്കാള്‍ മുമ്പേ ബോട്ടുജെട്ടി നിർമാണം നടത്തിയാൽ വളരെ ഉപകാരപ്രദമാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.