കോഴിക്കോട്:മലബാറിന്‍റെ വ്യാപാര ഭൂമികയിൽ തിളക്കമാർന്ന സമ്പന്ന കാലം സമ്മാനിച്ചവരായിരുന്നു ഗുജറാത്തികൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് വ്യാപാരത്തിനായി ഗുജറാത്തിലെ കച്ചിൽ നിന്നാണ് ഇവർ കോഴിക്കോടെത്തിയത്. പിന്നീട് കുടുംബമായി ഇവിടെ സ്ഥിര-താമസമാക്കിയവർ കോഴിക്കോടിന്‍റെ ഭാഗമായി.
അവർ ഒന്നിച്ച് താമസിക്കുന്ന പ്രദേശം 'ഗുജറാത്തി സ്ട്രീറ്റ്' (Gujarati Street) എന്ന പേരിൽ അറിയപ്പെട്ടു. എന്നാൽ വ്യാപാര രംഗത്ത് സമൃദ്ധി നൽകിയ ഗുജറാത്തി സ്ട്രീറ്റ് ഇന്ന് തകർച്ചയിലാണ്. പേരിനും പെരുമയ്ക്കും മങ്ങലേറ്റ സ്ട്രീറ്റിനെ നവീകരിക്കാനുള്ള പദ്ധതികളും വിജയം കണ്ടില്ല.
ലോക സഞ്ചാരികളും യൂറോപ്യന്‍മാരും കോഴിക്കോട്ടെത്തും മുമ്പ് ഇവിടെയെത്തിയ അന്യനാട്ടുകാരാണ് ഗുജറാത്തികള്‍. 1498-ല്‍ വാസ്‌ഗോഡ ഗാമ കാപ്പാട് എത്തിയപ്പോള്‍ അദ്ദേഹത്തെ ഒരു ഗുജറാത്തിയാണ് സ്വീകരിച്ചതെന്ന് കോഴിക്കോടിന്‍റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ആഘോഷങ്ങളുടെ ഇടം
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം ജീവിത ശൈലിയില്‍ മാറ്റം വരുത്താതെ ചുരുക്കം ചില ഗുജറാത്തികൾ മലയാള മണ്ണില്‍ തുടരുന്നുണ്ട്. ഉത്തരേന്ത്യന്‍ ആഘോഷങ്ങളെല്ലാം ഗുജറാത്തി സട്രീറ്റിലും പതിവ് കാഴ്ചയാണ്. ഹോളി, ദീപാവലി എന്നിവ കോഴിക്കോട്ടുകാര്‍ക്ക് ഗുജറാത്തികള്‍ക്കൊപ്പം ചേര്‍ന്നുള്ള ആഘോഷമാണ്.
വ്യാപാര വിപണന രംഗത്തെ സമൃദ്ധിയും സുരക്ഷിതത്വവുമൊക്കെയാണ് ഗുജറാത്തികളെ ഇവിടെ സ്ഥിരമായി താമസമുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യകാലത്ത് ഗുജറാത്തി സ്ട്രീറ്റില്‍ നിറയെ പാണ്ടികശാലകള്‍ ആയിരുന്നു, മുകളില്‍ താമസവും താഴെ കച്ചവടവും എന്ന രീതിയിലായിരുന്നു അക്കാലത്ത് തെരുവുകള്‍.
അന്ന് പല ഗുജറാത്തികള്‍ക്കും സ്വന്തമായി ചരക്കുകപ്പലുകള്‍ വരെ ഉണ്ടായിരുന്നു. ഇവിടെ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും നാളികേരവും ചൂടിയും മരത്തടികളും ഒക്കെ മറ്റ് കയറ്റി അയച്ചിരുന്നത് ഗുജറാത്തികളാണ്. അവരില്‍ ചുരുക്കം ചിലര്‍ ഇന്നും വലിയങ്ങാടിയിലുണ്ട്.
ഓർമകൾ പറഞ്ഞ് വിജയ് സിംഗ്
അരിക്കച്ചവടമാണ് വിജയ്‌സിങ് ചെയ്‌തിരുന്നത്. ആദ്യകാലങ്ങളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നും കയറ്റിയയ്ക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്ത വിജയ് സിംഗിന് പ്രതാപകാലത്തെക്കുറിച്ചും ഇപ്പോഴത്തെ തകർച്ചയെ കുറിച്ചും പറയാന്‍ ഒരുപാടുണ്ട്.
1949 ൽ തന്‍റെ ഒമ്പതാം വയസിൽ കോഴിക്കോട്ട് എത്തിയതാണ് വിജയ് സിംഗ്. 1957 മുതൽ കച്ചവട രംഗത്തുണ്ട്. കോഴിക്കോട് തുറമുഖം അടഞ്ഞ് പോയതോടെയാണ് ഇവിടുത്തെ വ്യാപാരവും മന്ദഗതിയിലായതെന്ന് വിജയ് സിംഗ് അടിവരയിട്ട് പറയുന്നു.
ഒരു ഭാഗത്ത് കൊച്ചിയിലും മറുഭാഗത്ത് മംഗലാപുരത്തും തുറമുഖങ്ങൾ സജീവമായതോടെ കോഴിക്കോടിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു. ബേപ്പൂർ തുറമുഖം പ്രതീക്ഷിച്ച രീതിയിൽ ഉയർന്ന് വന്നതുമില്ല. കടൽമാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറവായിരുന്നു.
എന്നാൽ അത് പൂർണ്ണമായും റോഡ് മാർഗമായതോടെ കൂലി ചെലവ് താങ്ങാൻ പറ്റാതെയായി. തൊഴിലാളി പ്രശ്നവും വർധിച്ചതോടെ വെട്ടിലായത് ഗുജറാത്തികളാണെന്ന് വിജയ് സിംഗ് പറയുന്നു.