കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന് എതിരായ കേസിൽ കുന്ദമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ആശുപത്രി പരിസരത്ത് ആളുകളെ സംഘടിച്ച് ഗതാഗത തടസ്സമുണ്ടാക്കിയെന്ന കേസിലാണ് വിധി.
മെഡിക്കൽ കോളജ് പൊലീസ് വാറന്‍റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് അറസ്‌റ്റിലായ കേസിലെ ഒന്നാം പ്രതി ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് ജയിലിലായത്. വാസുവിനെ സാക്ഷിമൊഴികൾ വായിച്ചു കേൾപ്പിച്ചശേഷം കോടതി കൂടുതൽ വാദം കേൾക്കാനായി ചൊവ്വാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. സാക്ഷികളെയോ, തെളിവുകളോ ഹാജരാക്കാനുണ്ടോ എന്ന് ചൊവ്വാഴ്‌ച കോടതി ചോദിച്ചപ്പോൾ ഇല്ലെന്ന് കേസ് സ്വയം വാദിക്കുന്ന വാസു പറഞ്ഞു.
കേസിലെ മറ്റു പ്രതികൾ എന്തുചെയ്‌തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സാക്ഷികൾ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു. പ്രകടനം നടക്കുന്നത് കണ്ടു പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്ര സാക്ഷി പറഞ്ഞതെന്നും കോടതി ഓർമിപ്പിച്ചു. ഔദ്യോഗിക സാക്ഷികൾ നിങ്ങൾക്ക് അനുകൂലമായല്ലേ പറയൂ എന്നും കോടതി പരാമർശിച്ചു.
വാസു ഒരു തരത്തിലും വഴങ്ങാതായതോടെ കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയിലും മുദ്രാവാക്യം തുടരുന്ന സാഹചര്യത്തിൽ വാസു ഇന്ന് ഹാജരാകേണ്ട എന്നും നടപടികൾ വീഡിയോ കോൺഫറൻസ് വഴി ആകാമെന്നും കോടതി നിർദേശിച്ചിരുന്നു.