കോഴിക്കോട്:മതിലുകൾ പലവിധം നമ്മൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.. എന്നാൽ എലത്തൂരിലെ മൊഞ്ഞാക്കയുടെ മതിൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. സസ്യശേഖരത്തിൻ്റെ ഹരിത മതിലാണിത്. കുറ്റിച്ചെടികളിൽ പടർന്ന് കിടക്കുന്ന ഈ വള്ളിമതിലിന് പ്രായം മുപ്പത് കടന്നിരിക്കുന്നു.
ഇ.സി ഹൗസിനെ 'എ.സി' ഹൗസാക്കുന്ന ഹരിത മതില്‍
പെയിൻ്റിങ് തൊഴിലാളിയായ എലത്തൂർ കോവിൽ റോഡിൽ ഇ.സി മൊയ്‌തീന്‍ കോയ നാല് മണി പ്ലാൻ്റ് വള്ളികൾ നട്ടതാണ് തുടക്കം. ഇത് പടരാൻ തുടങ്ങിയതോടെ ചേർത്ത് നിർത്താൻ കുറ്റിച്ചെടികളും ഔഷധ സസ്യങ്ങളും നട്ടു. ദിനംപ്രതിയുള്ള പരിപാലനത്തിനൊടുവിൽ വീടിന് ചുറ്റും ഇതൊരു വേലിയായി ഉയർന്നു. ഇപ്പോൾ ഒരാൾ പൊക്കത്തിൽ ഒന്നരയടി വീതിയിൽ 75 മീറ്റർ നീണ്ട് കിടക്കുന്നു.
ഒമ്പത് സെൻ്റിൽ പുരയിടം കഴിഞ്ഞാലുള്ള സ്ഥലത്തെ മരങ്ങളിലും വള്ളികൾ പടർന്ന് പന്തലിച്ച് നിൽക്കുന്നു. വൃത്തിയുടെ പര്യായമായ 'ഇ.സി ഹൗസിൽ' എപ്പോഴും കുളിരേകുന്ന അന്തരീക്ഷമാണ്. ഈ പച്ചപ്പ് നൽകുന്ന ശുദ്ധവായുവാണ് തൻ്റെ കുടുംബത്തിൻ്റെ ആരോഗ്യമെന്നും മൊയ്‌തീന്‍ കോയ വിശ്വസിക്കുന്നു. കത്തിയോ കത്രികയോ ഉപയോഗിക്കാതെ കൈകൊണ്ടാണ് മതിൽ പരിപാലനം.