കേരളം

kerala

ETV Bharat / state

'ഗവർണർ സെല്‍ഫി, ഹല്‍വ, ആശ്ലേഷം'... ഒപ്പം ചേർന്ന് ബിജെപി നേതാക്കൾ... കോഴിക്കോടിന് സ്നേഹം നല്‍കി ഗവർണർ - kerala governor halwa

കോഴിക്കോട്ട് ഒരു പരിപാടിയും ഇല്ലാതിരുന്ന ഗവർണർ രാഷ്ട്രീയമായ വെല്ലുവിളിയായിട്ടാണ് മാനാഞ്ചിറയിലും മിഠായി തെരുവിലും ഇറങ്ങിയത്. ഇന്ന് വൈകീട്ട് നാല് മണിക്ക് 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കാലിക്കറ്റ് സർവകശാല കാമ്പസില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ഗവർണർ പങ്കെടുക്കും.

governor-arif-mohammed-khan-kozhikode-town-visit
governor-arif-mohammed-khan-kozhikode-town-visit

By ETV Bharat Kerala Team

Published : Dec 18, 2023, 2:17 PM IST

കോഴിക്കോടിന് സ്നേഹം നല്‍കി ഗവർണർ

കോഴിക്കോട്: കേരള പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച്, സംസ്ഥാനത്ത് പുതിയ കീഴ്‌വഴക്കം സൃഷ്‌ടിച്ച് കോഴിക്കോട് നഗരം സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ അപ്രതീക്ഷിത തീരുമാനവും കോഴിക്കോട് നഗരത്തിലെ അപ്രതീക്ഷിത സന്ദർശനവും സംസ്ഥാന സർക്കാരിനും പൊലീസിനും പുതിയ വെല്ലുവിളി സൃഷ്‌ടിക്കുകയാണ്.

ഇന്ന് (18.12.23) രാവിലെ കാലിക്കറ്റ് കാമ്പസില്‍ വീണ്ടും മാധ്യമങ്ങളെ കണ്ട ശേഷമാണ് സംസ്ഥാന പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച ശേഷം ഗവർണർ കോഴിക്കോട് നഗരത്തിലേക്ക് യാത്ര പോയത്. കോഴിക്കോട് നഗരത്തിലെത്തിയ ഗവർണർ മാനാഞ്ചിറ മൈതാനത്ത് നിന്ന് മിഠായി തെരുവിലേക്ക് നടന്നതോടെയാണ് കേരളം ഇന്നുവരെ കാണാത്ത ഗവർണറുടെ നടപടികളുണ്ടായത്.

മാനാഞ്ചിറ സ്ക്വയറിൽ ഇറങ്ങിയ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ കൈകളിലെടുത്തു. തുടർന്ന് മിഠായി തെരുവിലേക്ക് നടന്ന ഗവർണർ തുണിക്കടയിൽ കയറി. പിന്നാലെ ഹൽവ കടയിൽ കയറി മധുരം കഴിച്ചു. ആളുകൾക്കൊപ്പം സെൽഫിയെടുത്തു. ജനങ്ങൾക്കിടയിലൂടെ നടന്നു. വഴിയിൽ കണ്ടവർക്കൊപ്പമെല്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്തു. സുരക്ഷ വേണ്ടെന്ന് പറഞ്ഞെങ്കിലും പൊലീസ് സംഘം ഗവർണർക്ക് സുരക്ഷയുമായി ഒപ്പം കൂടി. മാധ്യമ പ്രവർത്തകരും കാമറമാൻമാരും ഗവർണർക്കൊപ്പം നടന്നു.

കോഴിക്കോട്ട് ഒരു പരിപാടിയും ഇല്ലാതിരുന്ന ഗവർണർ രാഷ്ട്രീയമായ വെല്ലുവിളിയായിട്ടാണ് തെരുവിലിറങ്ങിയത്. ഇതിനകം ബിജെപി നേതാക്കളും ഗവർണറെ അനുഗമിക്കാനെത്തി. സാധാരണക്കാരുടെ കേന്ദ്രമായ നഗരത്തിലെ ഏറ്റവും തിരക്കുള്ള മിഠായി തെരുവിൽ നട്ടുച്ചക്ക് ഗവർണർ ഇറങ്ങിയതോടെ ജനങ്ങൾ കാണാനെത്തി. നാൽപത് മിനിറ്റോളം തെരുവിൽ ചെലവഴിച്ച ഗവർണ്ണർ സ്‌കൂൾ കുട്ടികൾക്കൊപ്പം ഫോട്ടോ എടുക്കാൻ പ്രത്യേകം ശ്രദ്ധ കൊടുത്തു. തിരികെ പോകുമ്പോൾ കോഴിക്കോടിന് നന്ദിയും പറഞ്ഞു. ഹൃദയം നിറഞ്ഞ അനുഭവം എന്നായിരുന്നു ഗവർണറുടെ പ്രതികരണം.

വൈകിട്ട് സെമിനാർ, പ്രതിഷേധം:കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് നാല് മണിക്ക് 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാതന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത് (SFI Protest Against Arif Mohammed Khan). പാസ് ഉള്ളവർക്കാണ് പരിപാടിയിലേക്ക് പ്രവേശനം.

വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ്- ബിജെപി നേതാക്കളുൾപ്പടെ സെമിനാറിൽ പങ്കെടുക്കും. ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ് (SFI Banner Against Governor).

പൊലീസിനെ ഉപയോഗിച്ച്, ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതോടെ കാലിക്കറ്റ് സർവകലാശാലയില്‍ ഗവർണറുടെ തുടർ നീക്കം എന്തായിരിക്കും എന്നത് ഏവരും ഉറ്റുനോക്കുകയാണ്. അതേസമയം ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്ന് ഡിവൈഎഫ്‌ഐയും പ്രതിഷേധം ശക്തമാക്കുന്നുണ്ട്. 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ അറിയിച്ചു (DYFI Protest Against Arif Mohammed Khan).

ABOUT THE AUTHOR

...view details