കോഴിക്കോട് :രണ്ടുമാസം മുൻപ് കൊടുവള്ളിയിലെ സംഘത്തിനു വേണ്ടി കൊണ്ടുവന്ന സ്വർണം കണ്ണൂർ സംഘമാണ് കൊണ്ടുപോയതെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അഷ്റഫിന്‍റെ മൊഴി. പകരം പത്ത് ലക്ഷം രൂപ ലഭിച്ചെന്നും ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞു. സ്വർണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് കൊടുവള്ളി സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്.
ടിപി വധക്കേസ് പ്രതി കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം അഷ്റഫിന്‍റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ സ്വർണം കണ്ണൂർ സംഘം ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന അഷ്റഫിന്‍റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അഷ്റഫ് കണ്ണൂർ സംഘവുമായി ചേർന്ന് ഒത്തുകളിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
50,000 രൂപയും വിമാന ടിക്കറ്റും പ്രതിഫലം
മെയ് 26നാണ് ദുബായിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണവുമായി അഷ്റഫ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. കൊടുവള്ളിയിലെ ഒരു സംഘത്തിന്റേതായിരുന്നു സ്വർണം. കൈമാറേണ്ട വ്യക്തിക്ക് ഇയാളുടെ ഫോട്ടോ അയച്ചുനൽകിയിട്ടുണ്ടെന്നും അവർ സമീപിക്കുമെന്നുമായിരുന്നു ഏജന്‍റ് പറഞ്ഞത്.