കോഴിക്കോട് : കുറ്റ്യാടിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി കൂടുതൽ ഇടങ്ങളിൽവച്ച് പീഡിപ്പിക്കപ്പെട്ടതായി പൊലീസ്. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന മൊഴിയെ തുടർന്ന് പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
വീടിനടുത്തുള്ള ബന്ധുവീട്ടിൽവച്ച് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചെന്ന മൊഴിയെ തുടർന്നാണ് പെരുവണ്ണാമൂഴി പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം മൂന്നായി. പുതിയ കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം മൂന്നിന് ജാനകിക്കാട് ഇക്കോ ടൂറിസം സെന്‍ററില്‍വച്ചാണ് ദളിത് പെണ്‍കുട്ടിയെ നാല് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഘട്ടത്തിലാണ് താന്‍ കൂടുതൽ തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.