കോഴിക്കോട്: മുക്കം നഗരസഭയിലെ മുത്താലത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആളപായമില്ല. വെളുത്തേടത്ത് സരോജിനിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വെള്ളിയാഴ്ച ഉച്ചയോടെ വൻ ശംബ്‌ദത്തോട് കൂടി പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവർ തീ കണ്ട് ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.
മുക്കത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ആളപായമില്ല - മുക്കത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
വീട്ടുടമസ്ഥയുടെ സഹോദരൻ സിലിണ്ടർ അടുപ്പുമായി കണക്ട് ചെയ്തതിന് ശേഷമായിരുന്നു പൊട്ടിത്തെറി
വീട്ടുടമസ്ഥയായ സരോജിനിയുടെ സഹോദരൻ സിലിണ്ടർ അടുപ്പുമായി കണക്ട് ചെയ്തതിന് ശേഷമായിരുന്നു പൊട്ടിത്തെറി. ഗ്യാസ് സിലിണ്ടർ ലീക്കായതായുള്ള സംശയത്തെത്തുടർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് സിലിണ്ടർ കത്തുന്നത് കണ്ടത്. ഉടൻ തന്നെ സഹോദരനും സരോജിനിയും വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇവർ വീട്ടിൽ നിന്ന് പുറത്തേക്കോടി രക്ഷപ്പെട്ടത്.
15 മിനിറ്റോളം സിലിണ്ടർ കത്തി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്‍റെ ചുമരുകൾക്കും ടെറസിനോട് ചേർന്ന ഭാഗങ്ങളിലും വിള്ളൽ സംഭവിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന നിരവധി വീട്ടുപകരണങ്ങളും നശിച്ചു.