കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ കൊവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. നഗര പരിധിയിൽ സമ്പർക്ക രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദർ റിപ്പോർട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ. മാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ, ഹാർബറുകൾ എന്നിവിടങ്ങളിലെ സന്ദർശനം നിയന്ത്രിക്കും. ആളുകളുടെ പ്രവേശനം സാമൂഹിക അകലം പാലിച്ചായിരിക്കണം. ആറ് അടി അകലം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മാർക്കറ്റുകൾ പോലുള്ള തിരക്കേറിയ എല്ലാ സ്ഥലങ്ങളിലും പൊലീസ് കർശന നിരീക്ഷണം ഉറപ്പാക്കും.
ഹാർബറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ നിയന്ത്രണ ചുമതല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായിരിക്കും. ജനക്കൂട്ടം കൂടുതൽ ഉള്ള ഇത്തരം പ്രദേശങ്ങളിൽ ക്യുക്ക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മേൽനോട്ട ചുമതല ഇൻസിഡന്‍റ് കമാൻഡർമാർക്കായിരിക്കും. ജോലിസ്ഥലങ്ങളിൽ മാസ്കുകൾ, സാനിറ്റൈസർ എന്നിവ തൊഴിലുടമകൾ നൽകുന്നു എന്നും ഉറപ്പുവരുത്തും. വിവാഹത്തിന് 50 പേർക്കും മരണ ചടങ്ങുകളിൽ 20 പേർക്കും മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളൂ. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത് പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും. ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രമേ പ്രവേശനമുണ്ടാവൂ. ഹാൻഡ് സാനിറ്റൈസർ നിർബന്ധമായും ഉണ്ടായിരിക്കണം. ആറ് അടി സാമൂഹിക അകലം പാലിക്കുകയും വേണം.