അതുല്യ നടന്‍ മാമുക്കോയയെ അനുസ്‌മരിച്ച് സുഹൃത്തുക്കള്‍ കോഴിക്കോട്: സാധാരണക്കാരനായ നടൻ, സിനിമാക്കാരൻ, മാമുക്കോയയെ കുറിച്ച് കോഴിക്കോട്ടുകാരോട് ചോദിച്ചാൽ ആദ്യം ലഭിക്കുന്ന മറുപടി ഇതാണ്. സ്‌കൂൾ കാലം കഴിഞ്ഞ് കല്ലായിപ്പുഴയോരത്ത് ഒരു കള്ളിമുണ്ടും ഹവായ് ചെരുപ്പുമിട്ട് മരം അളക്കാൻ പോയ കാലം തൊട്ട് ഏറ്റവും ഒടുവിൽ 76 വയസ്സിൽ സിനിമയിൽ അഭിനയിക്കുമ്പോഴും മാമുക്കോയക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. കാണാൻ എല്ലും കോലും ആയ കാലത്ത് നാടകത്തിനോട് ഒരു ഭ്രമം തുടങ്ങിയതാണ് മാമുക്കോയയെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മരത്തണലിൽ എത്തിച്ചത്.
ബന്ധങ്ങളിലൂടെ വളര്‍ന്ന കലാകാരന്‍:അവിടെ പ്രധാന സഹായി ആയിരുന്നു മാമുക്കോയ. ഭ്രാന്ത് മൂത്ത് ബഷീർ കത്തിയെടുക്കുമ്പോഴേക്കും ഒരു ഭാഗത്തേക്ക് ഓടിപ്പോയ കഥയൊക്കെ അദ്ദേഹം പണ്ട് പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഗൗരവമുള്ള ഹാസ്യത്തിൽ നിന്നാണ് മാമുക്കോയയും നർമ്മം പഠിച്ചത്. പിന്നീടുള്ള കൂട്ടായ്‌മയാണ് മാമുക്കോയയുടെ തലവര മാറ്റിയത്. തിരക്കഥാകൃത്താകാൻ രംഗത്തിറങ്ങിയ ശ്രീനിവാസന് അതിനുള്ള എല്ലാ സൗകര്യങ്ങളും മാമുക്കോയ ഒരുക്കി കൊടുത്തു.
അപ്‌സര തിയേറ്ററിന് സമീപമുള്ള ഒരു പെട്ടിക്കടയിൽ മാമുക്കോയയും കോഴിക്കോട്ടെ കൂട്ടാളികളും ശ്രീനിവാസനും ഇരിക്കുകയായിരുന്നു. ശ്രീനിവാസൻ തിരക്കഥയിലേക്ക് കടന്നപ്പോൾ അവിടെയും സൗഹൃദത്തിൻ്റെ ഉറച്ച ബന്ധത്തിൽ മാമുക്കോയയും സിനിമയിൽ എത്തി. സത്യൻ അന്തിക്കാടും പ്രിയദർശനുമെല്ലാം മാമുക്കോയയിലെ നടന്‍റെ വൈഭവം തിരിച്ചറിഞ്ഞു. സിനിമ ചർച്ചകളിൽ പോലും ഹാസ്യം മാറ്റി വച്ച് വളരെ വ്യക്തമായ, ശക്തമായ അഭിപ്രായങ്ങൾ മാമുക്കോയ രേഖപ്പെടുത്തി. എഴുതി തയ്യാറാക്കിയ സംഭാഷണങ്ങൾക്ക് ഒപ്പം തന്‍റെ കോഴിക്കോട് ശൈലിയും യഥേഷ്ടം മാമുക്കോയ ചേർത്തു.
മറക്കില്ല ഈ പ്രയോഗങ്ങള്‍:വാലേഷ്ണാ.. കള്ള ഹിമാറെ.. അൻ്റെ കാര്യം ഞമ്മളേറ്റു.. അനക്ക് ഞാൻ ബെച്ചിട്ടുണ്ട് തുടങ്ങി തനി കോഴിക്കോടൻ രീതികളെ മാമുക്കോയ സിനിമയിൽ അടയാളപ്പെടുത്തി. പല തിരക്കുള്ള നടന്മാരും പിന്നീട് ഫീല്‍ഡ് ഔട്ട് ആയപ്പോൾ മാമുക്കോയ ന്യൂജൻ സിനിമകളുടെയും ഭാഗമായി. അന്നും ഇന്നും നാട്ടിലെത്തിയാൽ നാട്ടുകാർക്കൊപ്പം ഒരാളായി ജീവിച്ചതാണ് കോഴിക്കോടിൻ്റെ ജനഹൃദയങ്ങളിൽ ഇന്നും മാമുക്കയെ മികച്ച നടനാക്കുന്നത്.
മരണം ഇങ്ങനെ: അതേസമയം അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് 3.30 മുതൽ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വച്ചിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കണ്ണുമ്പറമ്പ് ഖബർസ്ഥാനിലാണ് നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണത്തിലിരിക്കവെയായിരുന്നു അതുല്യ നടന്‍റെ വിയോഗം. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്.
മലപ്പുറം കാളികാവില്‍ വച്ച് തിങ്കളാഴ്‌ച(24.04.2023) രാത്രി പങ്കെടുത്ത പൊതുപരിപാടിക്കിടെയാണ് മാമുക്കോയയ്‌ക്ക് ഹൃദയാഘാതമുണ്ടായത്. കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പിന്നീട് പുലര്‍ച്ചെ ഒരു മണിയോടെയാണ് നടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന് പതിവ് ചികിത്സ നല്‍കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കളുടെ നിര്‍ദേശാനുസൃതം മാറ്റുകയായിരുന്നു.