കോഴിക്കോട്: അവൻ അവളാവുന്നത് എത്ര പുരോഗമിച്ചാലും നെറ്റിചുളിച്ച് മാത്രം ഉൾക്കൊള്ളുന്ന സമൂഹത്തിൽ ശരീരത്തിന്‍റെ രാഷ്ട്രീയം പറയുകയാണ് ജി. ഹരികൃഷ്ണന്‍റെ ഫ്രെയിമുകൾ. ശരീരം മാത്രം ചർച്ചചെയ്യപ്പെടുന്ന ലോകത്ത് അസാധാരണമായ ചോദനകളെ പിന്തുടർന്ന ക്യാമറക്കാഴ്ചകളാണ് അവനിൽ നിന്ന് അവളിലേക്കുള്ള ദൂരം കാണിക്കുന്ന അനന്യ എന്ന ട്രാൻസ്ജെൻഡറിന്‍റെ 'ദി മൂൺ ലൈറ്റ് ഓൺ എ ഡാർക് നെറ്റ്' എന്ന ഫോട്ടോ പ്രദർശനം.
"ഇരുണ്ട രാത്രിയിലെ നിലാവെളിച്ചം"; ട്രാൻസ്ജെൻഡർ ജീവിതം പകർത്തി ജി. ഹരികൃഷ്ണന്‍റെ ഫ്രെയിമുകൾ - ജി. ഹരികൃഷ്ണന്‍റെ ഫ്രെയിമുകൾ
പുരുഷ ഉടലിനെ വൈദ്യശാസ്ത്ര സഹായത്തോടെ സ്ത്രീയാക്കുന്ന ഘട്ടങ്ങളാണ് ഫോട്ടോകളിൽ നിറയുന്നത്

പുരുഷ ഉടലിനെ വൈദ്യശാസ്ത്ര സഹായത്തോടെ സ്ത്രീയാക്കുന്ന ഘട്ടങ്ങളാണ് ഫോട്ടോകളിൽ നിറയുന്നത്. സാനു അലക്സ് എന്ന ചെറുപ്പക്കാരൻ അനന്യ എന്ന യുവതിയാകുന്നതിന്‍റെ ഘട്ടങ്ങളാണ് ജി. ഹരികൃഷ്ണൻ പകർത്തിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന സാനു അലക്സിനെ ആ നിമിഷം മുതൽ പിന്തുടരുന്ന ഹരികൃഷ്ണൻ, അനന്യ സ്ത്രീ ജീവിതം ആഘോഷമാക്കുന്നിടത്താണ് ചിത്രങ്ങൾ അവസാനിപ്പിക്കുന്നത്. മാനസികമായും ശാരീരികമായും സാമൂഹികമായും കടന്നു വന്ന വേദനകളുടെയും ബുദ്ധിമുട്ടുകളുടെയും യാത്രയാണ് ചിത്രങ്ങളിൽ ഉള്ളതെന്ന് അനന്യ പറയുന്നു.
നാല് വർഷത്തോളം സമയമെടുത്താണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്ന 38 ഓളം ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ മാർച്ച് 12 വരെയാണ് പ്രദർശനം.