കോഴിക്കോട് : ആനക്കൊമ്പുകളുമായി നാല് പേരെ നഗരത്തിൽ നിന്ന് പിടികൂടി. 2 കോടി 60 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇത്. വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡും വിജിലൻസും ചേർന്നാണ് കടത്തുകാരെ പിടികൂടിയത്.
മലപ്പുറം സ്വദേശികളായ ജാഫർ സാദിഖ്, മുഹമ്മദ് ബാസിൽ, അബ്‌ദുൾ റഷീദ്, ഷുക്കൂർ എന്നിവരെയാണ് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിനടുത്തുവച്ച് ആനക്കൊമ്പുകളുമായി അറസ്റ്റ് ചെയ്‌തത്. ഇത് വാങ്ങാനെന്ന വ്യാജേന ഉദ്യോഗസ്ഥർ പ്രതികളെ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ നിന്നും ബാങ്ക് റോഡിലേക്ക് എത്തിയ സംഘം ചാക്കിൽ പൊതിഞ്ഞ ആനക്കൊമ്പുകള്‍ പുറത്തെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കാണിച്ചു. ഈ സമയത്ത് ഫ്ലൈയിങ് സ്ക്വാഡ് എത്തി ഇവരെ പിടികൂടുകയായിരുന്നു. 4 കിലോ വീതം തൂക്കം വരുന്ന രണ്ട് കൊമ്പുകളാണുണ്ടായിരുന്നത്.
തമിഴ്‌നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈമാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. എത്തിച്ച് നൽകിയ ആൾക്കായി അന്വേഷണം തുടരുകയാണ്. ആനക്കൊമ്പ് കടത്തി കൊണ്ടുവന്ന കാർ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
ALSO READ :ആനക്കൊമ്പ് കഷണങ്ങളാക്കി കടത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍
സമാന സംഭവത്തിൽ കഴിഞ്ഞ മാസം ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് കോഴിക്കോട് അറസ്റ്റിലായിരുന്നു. ആലപ്പുഴ തൊണ്ടം കുളങ്ങര സ്വദേശി ശരത്താണ് (35) കോഴിക്കോട് വനം വകുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്‍റെ പിടിയിലായത്. ജൂണ്‍ 27 ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ വച്ച് ഇയാളെ വനം വകുപ്പ് പിടികൂടിയത്.
ചെറുതായി മുറിച്ച അഞ്ച് ആനക്കൊമ്പ് കഷണങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇവ പ്ലാസ്റ്റിക് കവറിലാക്കി കൈയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
താമരശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയ ഇയാളെ താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ പ്രഭാകരന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എബിന്‍, ഡിഎഫ്‌ഒമാരായ ആസിഫ്, ശ്രീലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ALSO READ :Ivory Sale | റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം : ഉദ്യോഗസ്ഥരെത്തിയത് ആനക്കൊമ്പ് വില്‍പ്പനയ്‌ക്കിടെയുള്ള അറസ്‌റ്റ് പിന്തുടര്‍ന്ന്
ആനക്കൊമ്പ് വില്‍പ്പനയ്‌ക്കിടെയുള്ള അറസ്‌റ്റ് പിന്തുടര്‍ന്നെത്തിയ വനം വകുപ്പ് ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു. കോടനാട് ഫോറസ്‌റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാല് പേരെ അറസ്റ്റ് ചെയ്‌തത്. അഖിൽ മോഹനൻ, ആലപ്പുഴ സ്വദേശി ശ്യാംലാൽ, മവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരായിരുന്നു പിടിയിലായത്. അഖിൽ മോഹനൻ്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ കസ്‌റ്റഡിയിലായത്.
തുടർന്ന് മുഖ്യപ്രതി അഖിൽ മോഹനനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തതോടെയാണ് തൃശൂരിലെ ആനക്കൊമ്പ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ആനയെ കുഴിച്ചുമൂടിയ സംഭവത്തിലേക്കും വനം വകുപ്പ് അന്വേഷണമെത്തിയത്.