കോഴിക്കോട്: അന്തരിച്ച മുന്‍ കൃഷി മന്ത്രി സിറിയക് ജോണിന്‍റെ (90) സംസ്‌കാരം ഇന്ന് (Former minister Cyriac John funeral). കോവൂരിലെ അപ്പാർട്ട്മെൻ്റിൽ ഇന്നലെയായിരുന്നു അന്ത്യം (Former Minister and Congress leader Cyriac John passes away). ഇന്ന് (01.12.23) രാവിലെ 10 മുതൽ 12 വരെ കോഴിക്കോട് ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വക്കും.
വൈകിട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ചില്‍ സംസ്‌കാരം നടക്കും. രണ്ട് വര്‍ഷമായി മറവി രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി നാലാം കേരള നിയമസഭയിലും, തിരുവമ്പാടിയിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.
1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയുമായിരുന്നു. കേരളത്തില്‍ കൃഷി ഭവനുകൾ ആരംഭിച്ചത് സിറിയക് ജോൺ കൃഷിമന്ത്രി ആയ കാലത്താണ്. സഹകരണമേഖല സംഘടന രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക് ജോണ്‍ താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്‍റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കെപിസിസി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, എന്നീ പദവികളും വഹിച്ചിരുന്നു. കോൺഗ്രസിലും അതിനു ശേഷം എൻസിപിയിലും പ്രവർത്തിച്ച ഈ കുടിയേറ്റ കർഷക നേതാവ് പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. മലയോര മേഖലയുടെ വികസനത്തിനായി ഏറെ പ്രയത്‌നിച്ച നേതാവ് 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്.