കോഴിക്കോട്: ലോകകപ്പ് ആവേശം അവസാന വിസിലിലേക്ക് എത്തി നിൽക്കുമ്പോൾ മുഴുവൻ ലോകകപ്പുകളേയും ഓർമപ്പെടുത്തുകയാണ് പികെ വികാസ്. ഓരോ ലോകകപ്പിലും വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ സ്‌റ്റാമ്പ് ശേഖരണത്തിലൂടെയാണ് വികാസ് വ്യത്യസ്‌തനാകുന്നത്. ഉറുഗ്വേ കപ്പുയർത്തിയ 1930ലെ അവർ തന്നെ ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പ് മുതൽ 2022ലെ ഖത്തർ ലോകകപ്പിന്‍റെ സ്‌റ്റാമ്പ് വരെ ഈ ശേഖരത്തിലുണ്ട്.
ആദ്യ ലോകകപ്പിന്‍റെ ഓർമകളിൽ:ആദ്യ ലോകപ്പിലും 1934 ലെ ഇറ്റലി ആതിഥേയരായി അവർ തന്നെ കപ്പുയർത്തിയ ലോകപ്പിലും 1938ൽ ഫ്രാൻസ് ആതിഥേയരായി ഇറ്റലി വീണ്ടും ജേതാക്കളായ ഫുട്ബോൾ മാമാങ്കത്തിലും നിക്കരാഗ്വേ പുറത്തിറക്കിയ സ്‌റ്റാമ്പാണ് വികാസ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1942 ലും 1946ലും ഫുട്ബോൾ വേൾഡ് കപ്പ് മുടങ്ങിയപ്പോൾ വികാസിൻ്റെ ഡയറിയിലെ കോളവും ഒഴിഞ്ഞ് കിടന്നു.
ആവേശം തിരിച്ചെത്തിയ 1950 ലെ ബ്രസീൽ ലോകകപ്പിൽ ഉറുഗ്വേ വീണ്ടും ജേതാക്കളായപ്പോൾ ഈ ശേഖരത്തിലെ സ്‌റ്റാമ്പുകളുടെ എണ്ണവും വർധിച്ചു. 19 54ലെ സ്വിറ്റ്സർലൻഡ് ലോകകപ്പിൽ പശ്ചിമ ജർമ്മനി ആദ്യമായി കപ്പുയർത്തിയപ്പോൾ സ്‌റ്റാമ്പുകൾക്കും തിളക്കം കൂടി. 1958ൽ ബ്രസീൽ ആദ്യ കപ്പുയർത്തിയ സ്വീഡൻ ലോകകപ്പിലും 62 ൽ ചിലി നയിച്ച് ബ്രസീൽ വീണ്ടും ജേതാക്കളായ ലോകകപ്പും ഈ സ്‌റ്റാമ്പുകളിൽ ആലേഖനം ചെയ്‌തിട്ടുണ്ട്.
1966 ആയപ്പോൾ സ്‌റ്റാമ്പ് ശേഖരത്തിലേക്ക് കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം വന്നുചേർന്നു. ഇംഗ്ലണ്ട് ആതിഥേയരായി അവർ തന്നെ കപ്പുയർത്തിയ 1966ലെ ലോകകപ്പിൻ്റേയും ബ്രസീൽ മൂന്നാം കപ്പുയുർത്തിയ 1970 ലെ മെക്‌സിക്കൻ വേൾഡ്‌കപ്പിൻ്റെയും ഓർമകൾ തുടിക്കുകയാണിവിടെ. 1974ൽ പശ്ചിമ ജർമ്മനിയിൽ വെച്ച് ഒരിക്കൽ കൂടി അവർ കപ്പുയർത്തിയപ്പോൾ സ്‌റ്റാമ്പുകൾ പിന്നെയും വർധിച്ചു.
1978ൽ അർജൻ്റീനിയൻ വസന്തം അർജന്‍റീനയിൽ തന്നെ പൂത്ത് വിടർന്നപ്പോൾ സ്‌റ്റാമ്പുകളും വർണ്ണാഭമായി. 1982ൽ വലിയ ഒരു ഇടവേളക്ക് ശേഷം ഇറ്റലി കപ്പുയർത്തിയ സ്‌പാനിഷ് മേള, ക്യൂബയും മെക്‌സിക്കോയും നിക്കരാഗ്വേയും അടക്കം നിരവധി രാജ്യങ്ങൾ സ്‌റ്റാമ്പുകളിലൂടെ ലോകകപ്പിനെ ആശീർവദിച്ചു. മെക്‌സിക്കോയിലേക്ക് വീണ്ടും ലോകകപ്പ് എത്തിയ 1986ൽ അർജൻ്റീന വീണ്ടും കപ്പുയർത്തിയപ്പോൾ സ്‌റ്റാമ്പുകൾ കൊണ്ട് വികാസിൻ്റെ പേജുകൾ നിറഞ്ഞു കവിഞ്ഞു.