കോഴിക്കോട് :കടലിലൂടെ ഒന്ന് നടക്കണമെന്നും തിരമാലകൾക്കൊപ്പം ഉയർന്ന് പൊങ്ങുകയും താഴുകയും ചെയ്യണമെന്നും തോന്നാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് തലാസോഫൈൽ(thalassophile) ആയിട്ടുള്ള വ്യക്തികൾക്ക്. ഇനി കടലിലൂടെ നടക്കണമെന്ന് ആഗ്രഹം തോന്നിയാൽ നേരെ കോഴിക്കോട്ടേക്ക് വിടാം.
കോഴിക്കോട്ടെ ബേപ്പൂർ മറീന ബീച്ചിൽ സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കായി ഒഴുകുന്ന പാലം(floating bridge) തയാറാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മീതെ ഒഴുകി നടക്കാം. ഡിടിപിസിയുടെയും തുറമുഖ വകുപ്പിന്‍റെയും സഹായത്തോടെ ചാലക്കുടി ക്യാപ്‌ചർ ഡേയ്‌സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്‌സിന്‍റെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.
വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലിൻ(എച്ച്ഡിപിഇ) ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ നിർമാണം. തിരമാലകൾക്ക് മീതെ പുതിയ അനുഭവം തരുന്ന പാലത്തിന് 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണുള്ളത്. ഔദ്യോഗിക പ്രവർത്തനോദ്ഘാടനം മാർച്ച് 27ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.