കോഴിക്കോട്: ട്രോളിങ് നിരോധനം കഴിഞ്ഞ് ചാകര തേടി കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മത്സ്യത്തൊഴിലാളികൾ. രണ്ടുമാസത്തെ വറുതിക്ക് ശേഷം പ്രതീക്ഷയോടെയാണ് തൊഴിലാളികൾ കടലിലേക്ക് പോകുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മീൻ ലഭ്യതയിൽ കുറവ് വരുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്‍റിംഗും ഒക്കെയായി ഹാർബറുകൾ സജീവമാണ്. കുടിവെള്ളവും ഭക്ഷണ സാമഗ്രികളും ബോട്ടുകളിൽ സൂക്ഷിച്ചുവെച്ചു. വറുതി കാലത്ത് സർക്കാർ നൽകിവന്നിരുന്ന സമ്പാദ്യ ആശ്വാസ പദ്ധതി ലഭിക്കാത്തതില്‍ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്.
ട്രോളിങ് നിരോധനം കഴിഞ്ഞു: ചാകര തേടി മത്സ്യത്തൊഴിലാളികൾ - കോഴിക്കോട് പുതിയാപ്പ
രണ്ടു മാസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്. നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനത്തെ മിനുക്ക് പണിയിലാണ് ഇവർ
റേഷൻ കടകളിലൂടെ ലഭിക്കുന്ന പ്രത്യേക അരി ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ വള്ളങ്ങളുടെ ലൈസൻസ് ഫീസ് പത്തിരട്ടി വർധിപ്പിക്കുകയും ചെയ്‌തു. 20 മീറ്ററിന് താഴെയുള്ള ചെറിയ വള്ളങ്ങൾക്ക് 200 നിന്ന് 2001 രൂപയായും വലിയ വള്ളങ്ങൾക്ക് 5000ത്തിൽ നിന്ന് 52,500 രൂപയായും വർദ്ധിപ്പിച്ചു. ഇതിനു പുറമേ ചെറിയ വള്ളങ്ങൾക്ക് 5000 രൂപയും വലിയ വള്ളങ്ങൾക്ക് 50,000രൂപയും ഡിപ്പോസിറ്റ് രൂപയായി കെട്ടിവെക്കുകയും വേണം. തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം നൂറ്റിയെട്ട് രൂപ അടച്ചിരുന്നത് ഇപ്പോൾ 480 രൂപയാക്കി. മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസപദ്ധതി വഴി ഏപ്രിൽ , മെയ് , ജൂൺ മാസങ്ങളിൽ 4,500 രൂപ വീതം നൽകിയിരുന്നു. ആദ്യഗഡുവായി മത്സ്യത്തൊഴിലാളികൾ അടച്ച 1500 രൂപ മാത്രമാണ് ലഭിച്ചത്. ട്രോളിങ് നിരോധനം കഴിയാറായിട്ടും രണ്ടാമത്തെ ഗഡു ഇതുവരെ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
ഡീസലിന് മൂന്ന് രൂപ വർദ്ധിച്ചതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 55 മുതൽ 100 നോട്ടിക്കൽ മൈൽ വരെ ഉൾക്കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടം വലുതാണെന്നും തൊഴിലാളികൾ പറയുന്നു.