കോഴിക്കോട്: ഏത് അപകട ഘട്ടത്തിലും രക്ഷകരാകുന്നവർ... കേരള അഗ്നിരക്ഷ സേന. എന്തിനും തയാറായി ഇറങ്ങുന്ന കുറേ ആണുങ്ങളുടെ പട. എന്നാൽ ഇനി അങ്ങിനെയല്ല. പെണ്ണുങ്ങളുമുണ്ട് ഈ പടയിൽ. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (വുമൺ) (Fire And Rescue Officer) തസ്‌തികയിലൂടെ 15 വനിതകൾ പരിശീലനം ആരംഭിക്കാൻ പോവുകയാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് 12 ഉം വയനാട്ടിൽ നിന്നുള്ള മൂന്ന് പേരുമാണ് തൃശൂരിലെ ഫയർ സർവീസ് അക്കാദമിയിലേക്ക് (Fire Force Academy) വണ്ടി കയറാൻ ഒരുങ്ങുന്നത്. സെപ്‌റ്റംബർ നാലിനാണ് പരിശീലനം ആരംഭിക്കുക. അക്കാദമിയിലെ ആറ് മാസത്തെ പരിശീലനത്തിന് ശേഷം മീഞ്ചന്ത സ്റ്റേഷനിലും ആറ് മാസത്തെ പരിശീലനം നൽകും.
പിഎസ്‌സി (Kerala PSC) വഴി ആദ്യമായാണ് കേരള ഫയർ ഫോഴ്‌സിൽ (Kerala Fire Force) വനിതകളെത്തുന്നത്. 100 വനിതകളെ നിയമിക്കാനാണ് സർക്കാർ തസ്‌തിക ഇറക്കിയത്. എന്നാൽ ആദ്യ ഘട്ടത്തിൽ 84 പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിലെ ആദ്യ സംഘമാണ് കോഴിക്കോട് നിന്നും തിരിക്കുന്നത്. ബാക്കി ഒഴിവുകൾ നികത്താനായി വീണ്ടും അപേക്ഷ ക്ഷണിക്കും. സംഘത്തിലെ 12 പേർക്ക് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള ഫയർ സർവീസ് അസോസിയേഷൻ മേഖല കമ്മിറ്റിയാണ് സ്വീകരണം നൽകിയത്.
എഴുത്ത് പരീക്ഷ, ഫിസിക്കൽ, നീന്തൽ പരിശോധന എന്നിവക്ക് ശേഷമാണ് നിയമനം. നീന്തൽ, സ്‌കൂബ, അഗ്നിരക്ഷ, മലകയറ്റം ഉൾപ്പെടെ പരിശീലനത്തിലുണ്ടാകും. പരിശീലനം കഴിഞ്ഞ് എത്തുന്ന ഇവർക്ക് താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ എട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഡയറക്‌ടർ ജനറലിന് സമർപ്പിച്ചിട്ടുണ്ട്. സേനയിലെ അടിസ്ഥാന സൗകര്യങ്ങളിലും ഇനി മാറ്റം വരും. വനിതകൾക്ക് മാത്രമായി അക്കാദമിയിൽ പരിശീലന സൗകര്യം ഒരുക്കുമ്പോൾ താമസ സൗകര്യം, ശൗചാലയം ഉൾപ്പെടെ എല്ലാ ജില്ലകളിലും ഒരുക്കാൻ അഗ്നിരക്ഷ ജില്ല ഓഫിസർമാർക്ക് നിർദേശം നൽകി.
വനിത അഗ്നിവീറുകൾക്ക് റിക്രൂട്ട്മെന്‍റ് : 2023 മുതൽ അഗ്നിപഥ് പദ്ധതിയിൽ വനിതകളെയും ഉൾപ്പെടുത്തുമെന്ന് വ്യോമസേന മേധാവി എയർമാർഷൽ വിവേക് റാം ചൗധരി അറിയിച്ചിരുന്നു. ഈ വർഷത്തെ റിക്രൂട്ട്മെന്‍റിനായി മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ ഒഴിവുകൾ പുതിക്കിയിരുന്നു. 1,465 ഒഴിവുകളാണ് 4,465 ആയി പുതുക്കിയത്. 2023 നവംബർ ബാച്ചിലേക്കും 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇതിൽ എസ്എസ്ആർ (SSR) വിഭാഗത്തിൽ തെരഞ്ഞെടുക്കുന്ന 4,165 പേരിൽ 833 പേര്‍ വനിതകളായിരിക്കും. മെട്രിക് വിഭാഗത്തിൽ 300 പേരിൽ 60 പേർ വനിതകളായിരിക്കും. പത്താം ക്ലാസ്/പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിരായ യുവതികൾക്കാണ് അവസരം.