കേരളം

kerala

ETV Bharat / state

പരസ്യപ്രചാരണത്തിന് വിരാമമിട്ട് വടക്കൻകേരളത്തിൽ കൊട്ടിക്കലാശം

കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ.

പരസ്യ പ്രചാരണത്തിന് വിരമമിട്ട് വടക്കൻകേരളത്തിൽ കൊട്ടിക്കലാശം

By

Published : Apr 21, 2019, 11:44 PM IST

Updated : Apr 22, 2019, 6:12 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് വടക്കൻ കേരളത്തിൽ കൊട്ടിക്കലാശം. പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ, കാസർകോട് എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ വന്‍ പ്രകടനത്തോടെയാണ് മൂന്ന് മുന്നണികളും പരസ്യപ്രചാരണത്തിന് വിരമാമിട്ടത്. 42 ദിവസത്തെ പരസ്യ പ്രചാരണത്തിന് വിരാമമിട്ട് ആവേശകരമായ കൊട്ടിക്കലാശത്തിനാണ് മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ ഇന്ന് സാക്ഷിയായത്. സ്ഥാനാർഥി ഉൾപ്പെടെയുള്ള നേതാക്കള്‍ പ്രവർത്തകർക്ക് ആവേശം പകരാനെത്തി. മലപ്പുറം മണ്ഡലത്തിലെ കൊട്ടിക്കലാശം കുന്നുമ്മലിലും പൊന്നാനി മണ്ഡലത്തിലെ കൊട്ടിക്കലാശം കോട്ടക്കൽ കേന്ദ്രീകരിച്ചുമാണ് നടന്നത്.

പരസ്യപ്രചാരണത്തിന് വിരാമമിട്ട് വടക്കൻകേരളത്തിൽ കൊട്ടിക്കലാശം

കോഴിക്കോട് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികള്‍ വൈകിട്ട് അഞ്ചോടെ പാളയം കേന്ദ്രീകരിച്ച് പ്രകടനങ്ങൾ ആരംഭിച്ചു. ശബ്ദഘോഷങ്ങളുടെ അകമ്പടിയോടെ കൊടികൾ വീശിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ പാളയത്ത് വലിയ ആരവം തീർത്തത്. വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിക്ക് വേണ്ടിയും പ്രവർത്തകർ വൻപ്രകടമാണ് നടത്തിയത്. എൽഡിഎഫ്, യുഡിഎഫ്, ബിഡിജെഎസ് പ്രവർത്തകരുടെ വന്‍ ആവേശത്തോടെയുള്ള കൊട്ടിക്കലാശത്തിനാണ് വയനാട് സാക്ഷിയായത്. കണ്ണൂർ മണ്ഡലത്തെ ആവേശത്തിലാഴ്ത്തിയ കൊട്ടിക്കലാശത്തിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. കണ്ണൂർ പഴയങ്ങാടിയിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ എസ്ഐയ്ക്ക് പരിക്കേറ്റു.

കാസർകോട് മണ്ഡലത്തില്‍ നഗരത്തില്‍ ആവേശത്തിരയിളക്കിയ കൊട്ടിക്കലാശത്തിൽ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂരിലും, യുഡിഎഫ് സ്ഥാനാർഥി കാസർകോടും, എൻഡിഎ സ്ഥാനാര്‍ഥി കറന്തക്കാടും പങ്കെടുത്തു. എൻഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്‍റെ പ്രചാരണ സമാപനത്തില്‍ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനും പങ്കാളിയായി. നാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ ആവേശപൂർവ്വമാണ് പ്രവർത്തകർ കൊട്ടിക്കലാശത്തിൽ അണിചേർന്നത്. പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷണർ ആറ് മണിവരെ സമയം അനുവദിച്ചിരുന്നു. എന്നാൽ മലപ്പുറത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് അഞ്ചുമണിക്ക് തന്നെ പ്രചാരണം അവസാനിപ്പിച്ചു. വടകര മണ്ഡലത്തിലെ പ്രകടനത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. സംഘാർഷാവസ്ഥാ കണക്കിലെടുത്ത് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ എന്നീ പ്രദേശങ്ങളിൽ മുൻകരുതലായി 23, 24 തിയതികളില്‍ ജില്ലാ കലക്ടർ എസ് സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആവേശകരമായ പ്രചാരണവും കൊട്ടിക്കലാശവുമെല്ലാം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. സംസ്ഥാനത്തെ രണ്ടു കോടി അൻപത്തിനാല് ലക്ഷം വോട്ടർമാരാണ് 23 ന് വിധി നിർണയിക്കാൻ പോളിംങ് ബൂത്തിലെത്തുന്നത്. കേരളത്തിലെ ഇരുപത്തി നാലായിരത്തിലേറെ പോളിംഗ് സ്റ്റേഷനുകളിലാണ് ഇനിയുള്ള ആവേശം നടക്കുന്നത്.

Last Updated : Apr 22, 2019, 6:12 AM IST

ABOUT THE AUTHOR

...view details