കോഴിക്കോട് : മലബാറിലെ ഏറ്റവും തിരക്കുള്ള കോഴിക്കോട് റെയിൽവെ സ്‌റ്റേഷന്‍റെ മുഖച്ഛായ മാറുന്നു. 473 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തികൾ ഈ വർഷം സെപ്‌റ്റംബറില്‍ ആരംഭിക്കും. പദ്ധതിയുടെ പൂർണ രൂപരേഖയ്‌ക്ക് റെയിൽവേ ജനറൽ മാനേജരുടെ അന്തിമ അനുമതി ലഭിച്ചു.
വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് റെയില്‍വേ സ്‌റ്റേഷനെ ഉയർത്തുന്ന പദ്ധതിക്കാണ് രൂപരേഖ തയ്യാറായിരിക്കുന്നത്. പുതിയ സ്‌റ്റേഷന്‍ കെട്ടിടം അഞ്ച് നിലയിലായിരിക്കും. കിഴക്കും പടിഞ്ഞാറും ബഹുനില പാർക്കിങ് കേന്ദ്രങ്ങളും ഉയരും.
യാഥാര്‍ഥ്യമാകുന്നത് ഒമ്പത് ട്രാക്കുകള്‍ :കിറ്റ്‌കോ തയ്യാറാക്കിയ പദ്ധതിയിൽ നിലവിൽ സ്‌റ്റേഷനിലുള്ള അഞ്ച് ട്രാക്കുകൾക്ക് പുറമെ നാല് പുതിയ ട്രാക്കുകൾ അടക്കം ആകെ ഒമ്പത് ട്രാക്കുകൾ യാഥാർഥ്യമാക്കും. നിലവിലെ അഞ്ച് മീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർ ബ്രിഡ്‌ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള ഇരിപ്പിടങ്ങളോട് കൂടിയ രണ്ട് പുതിയ ഫൂട്ട് ഓവർ ബ്രിഡ്‌ജുകൾ സ്‌റ്റേഷന്‍റെ തെക്ക് ഭാഗത്തും വടക്കുഭാഗത്തും സ്ഥാപിക്കും. കിഴക്കുഭാഗത്തുള്ള ടെർമിനലിനെയും പടിഞ്ഞാറുഭാഗത്തുള്ള ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ നിർമിക്കുന്ന 48 മീറ്റർ വീതിയിലുള്ള കോൺകോഴ്‌സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ളവ സജ്ജീകരിക്കും.
ഇരു ഭാഗങ്ങളിലുമുള്ള പാർക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്‌ജുകളിൽ നിന്നും കോൺകോഴ്‌സിൽ നിന്നും സ്‌കൈവാക്ക് സൗകര്യവും പ്രാവർത്തികമാവും. നിലവിലെ മുഴുവൻ റെയിൽവേ ക്വാർട്ടേഴ്‌സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ടവറുകളിലായാണ് ബഹുനില ക്വാർട്ടേഴ്‌സ് നിർമിക്കുക. പടിഞ്ഞാറുഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം സജ്ജമാക്കും.
വടക്കുകിഴക്ക് ഭാഗത്ത് 4050 സ്‌ക്വയർ മീറ്ററിലും തെക്ക് കിഴക്കുഭാഗത്ത് 1306 സ്‌ക്വയർ മീറ്ററിലും വാണിജ്യ കേന്ദ്രങ്ങൾ യഥാർഥ്യമാവും. ആർഎംഎസ്, പാഴ്‌സല്‍ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ്, ഭാവിയിലെ ലൈറ്റ് മെട്രോ സ്‌റ്റേഷനെ റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ള കേന്ദ്രം എന്നിവയും പ്രൊജക്‌ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2027ന് മുമ്പ് കോഴിക്കോട് സ്‌റ്റേഷന് പുതിയ മുഖം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ? : അതേസമയം, വികസനത്തിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ കോൺഗ്രസും ബിജെപിയും പോരടിച്ച് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച റെയിൽവേ സ്‌റ്റേഷൻ വികസന പദ്ധതി യുപിഎ കാലത്ത് നടപ്പിലാക്കിയ പദ്ധതിയുടെ രണ്ടാം ഘട്ടമാണെന്നാണ് എം കെ രാഘവൻ എംപിയുടെ വാദം. എന്നാൽ, ഇത് ബിജെപി സർക്കാരിന് മാത്രം അവകാശപ്പെട്ട പദ്ധതിയാണെന്നാണ് റെയിൽവെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്‌ണദാസ് പറയുന്നത്.
also read:AI camera | എഐ ക്യാമറ: സർക്കാരിന് തിരിച്ചടി, അനുമതി ഇല്ലാതെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതി
യാത്രക്കാർ നിലവിൽ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിൽ ചെയർമാൻ അടക്കമുള്ളവർ നിസ്സംഗത കാണിക്കുന്നതായും ആരോപണമുയർന്നു. ടിക്കറ്റ് കൗണ്ടറുകളിൽ മതിയായ എണ്ണം ജീവനക്കാരെ നിയമിക്കുക, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ജനറൽ കമ്പാർട്ടുമെൻ്റുകൾ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.