കേരളം

kerala

ETV Bharat / state

മാമുക്കോയ: നമ്മുടെ ചിരിയും കണ്ണീരും വയറ്റുപ്പിഴപ്പും പ്രതിഫലിപ്പിച്ച കണ്ണാടി - മാമുക്കോയ സിനിമ

സാധുമനുഷ്യരുടെ പെടാപ്പാടുകള്‍ അതിശയോക്തികളുടെ കലര്‍പ്പില്ലാതെ വരച്ചിട്ടാണ് മാമുക്കോയ വിടപറയുന്നത്. നിന്നുപിഴയ്ക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യരെ സാധാരണക്കാരന് അത്രമേല്‍ താദാത്മ്യം തോന്നുമാറ് അവതരിപ്പിക്കാന്‍ മാമുക്കോയയ്ക്ക് ഇന്ധനമായതെങ്ങനെയെന്ന് കെപി സബിൻ എഴുതുന്നു.

actor mamukkoya mamukkoya death mamukkoya comedy mamukkoya films charecters of mamukkoya gafoor ka dosth മാമുക്കോയ മാമുക്കോയ മരണം മാമുക്കോയ സിനിമ ഗഫൂര്‍ കാ ദോസ്‌ത്
മാമുക്കോയ : നമ്മുടെ ചിരിയും കണ്ണീരും വയറ്റുപ്പിഴപ്പും പ്രതിഫലിപ്പിച്ച കണ്ണാടി

By

Published : Apr 26, 2023, 5:02 PM IST

വെള്ളിത്തിരയിലും പുറത്തും ഏതൊരാള്‍ക്കും 'അല്ല കോയാ'യെന്ന് നീട്ടിവിളിച്ച് തോളില്‍ കൈയിടാവുന്ന ദോസ്താണ് മാമുക്കോയ. ജീവിതത്തിലും വേഷങ്ങളിലും നാട്ടിന്‍പുറത്തനിമ അത്രമേല്‍ കാത്താണ് മാമുക്കോയ ഏതൊരു മലയാളിക്കും താദാത്മ്യപ്പെടാവുന്നയാളായത്. നമ്മെ മാമുക്കോയയില്‍ കണ്ട് നാം ഏതളവില്‍ ഊറിച്ചിരിച്ചെന്ന് ഓര്‍ത്താലറിയാം ആ വലിപ്പം. സാധുമനുഷ്യരുടെ പെടാപ്പാടുകള്‍ അതിശയോക്തികളുടെ കലര്‍പ്പില്ലാതെ വരച്ചിട്ടാണ് മാമുക്കോയ വിടപറയുന്നത്.

ദേശഭാഷാന്തരമില്ലാതെ കാണാനാവുന്ന ഡ്രൈവര്‍, ചായക്കടക്കാരന്‍, ബ്രോക്കര്‍, ഫോട്ടോഗ്രാഫര്‍, അല്ലറ ചില്ലറ തരികിടകളുള്ള രാഷ്‌ട്രീയക്കാരന്‍, പറ്റിപ്പുകാരനായ ഏജന്‍റ്, നിസ്സഹായതയില്‍ ഉഴലുന്ന ഉപ്പ എന്നിങ്ങനെ പലതരം മനുഷ്യരുടെ വെള്ളിത്തിരയിലെ പ്രതിനിധിയാണയാള്‍. ഗഫൂറായും, അബൂബക്കറായും, കുട്ടപ്പനായും, കുഞ്ഞനന്തനായും, കുഞ്ഞൂട്ടനായും, ഹംസക്കോയയായും, കെജി പൊതുവാളായും അയാള്‍ നമുക്കിടയില്‍ എന്നുമുണ്ടാകും. ആ കഥാപാത്രങ്ങളുടെ പേരുകളുടെ പലമയും സ്വാഭാവികതയും തന്നെ ശ്രദ്ധേയമാണ്. അത് അത്രമേല്‍ മാമുക്കോയയ്ക്ക് ചേരുന്നുവെന്നും അയാളുടെ കഥാപാത്രങ്ങളില്‍ അലിഞ്ഞുനില്‍ക്കുന്നുവെന്നും കാണാം. അങ്ങനെയല്ലാതെ അയാള്‍ക്കുള്ള വേഷങ്ങള്‍ക്ക് പേരിടാന്‍ എഴുത്തുകാര്‍ക്ക് ആവുമായിരുന്നില്ല. മറിച്ചായിരുന്നെങ്കില്‍ കഥാപാത്രങ്ങളും അവയുടെ പേരുകളും വികര്‍ഷിച്ച് ഇന്ന് നമുക്കറിയാവുന്ന മാമുക്കോയയില്‍ നിന്ന് അയാള്‍ അകന്നുപോവുമായിരുന്നു.

താന്‍ വെട്ടിയ വഴിയിലൂടെ അത്തരം കഥാപാത്രങ്ങളെ അയാള്‍ ആര്‍ജിച്ചെടുത്ത് തന്നോടൊപ്പം കൂട്ടിയതാണ്. എണ്ണിയാലൊടുങ്ങാത്തത്രയും അവസരങ്ങളില്‍ പല മനുഷ്യരില്‍ ആ ഛായകള്‍ കണ്ട് നാം അയാളെ നിരന്തരം ഓര്‍ക്കുന്നു. സ്‌റ്റിക്കറുകളിലും മീമുകളിലും അയാളെ ഉദ്ധരിച്ച് പരസ്പരം ചിരിച്ചുമറിയുന്നു. മലയാളിയുടെ വ്യക്തിത്വങ്ങളിലെ തനത് ഘടകങ്ങളെല്ലാം മാമുക്കോയയിലൂടെ നാം വെള്ളിത്തിരയില്‍ കണ്ടിട്ടുണ്ട്.

നമ്മുടെ ചിരിയും കണ്ണീരും വയറ്റുപ്പിഴപ്പും പ്രതിഫലിപ്പിച്ച കണ്ണാടിയായി അയാളുണ്ടായിരുന്നു. മാമുക്കോയക്കഥാപാത്രങ്ങളുടെ വെള്ളിത്തിരിയിലെ തരികിടകളത്രയും ചിരിയോടെ പൊറുത്തുകൊടുത്തവരാണ് മലയാളി പ്രേക്ഷകര്‍. അതിനൊറ്റ കാരണമേയുള്ളൂ. നമ്മളെത്തന്ന നാം ആ മനുഷ്യനില്‍ കണ്ടു. നമുക്കിനിയും അതേ മാമുക്കോയയെ അഭ്രപാളികളില്‍ വേണമായിരുന്നു. ആശ്വസിക്കാന്‍, ചിരിക്കാന്‍, കണ്ണുനനയാന്‍ നമ്മുടെ വഴിപ്പിഴകളെ അയാളുടേതുമായി ചേര്‍ത്തുവച്ച് സമാധാനിക്കാന്‍.

അഭിനയത്തിന്‍റേതായ മേലങ്കികള്‍ മാമുക്കോയയുടെ കഥാപാത്രങ്ങളില്‍ കാണാനാകില്ല. തീര്‍ത്തും ജൈവികമായ വേഷപ്പകര്‍ച്ചകളാണ് ആ നടനാധ്യായങ്ങളുടെ സവിശേഷത. മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്നയാളായി മാമുക്കോയ അടയാളപ്പെടുത്തപ്പെട്ടത് അത്തരം കഥാപാത്ര വിനിമയങ്ങളിലൂടെയാണ്. മേക്കപ്പിലൂടെയോ ഭാവ പ്രകടനങ്ങളിലൂടെയോ, ഏതെങ്കിലും വേഷത്തെ എഴുതിവച്ചതില്‍ നിന്ന് ഉയര്‍ത്തുകയെന്നത് അഭിനയത്തിലെ പൊതു രീതിയിയായി കണക്കാക്കിപ്പോരാറുണ്ട്.

എന്നാല്‍ മാമുക്കോയ തന്‍റെ കഥാപാത്രങ്ങളെ ഏറ്റവും സാധാരണക്കാരനായ ഒരു മലയാളിയുമായി സ്വതസിദ്ധമായി കൂട്ടിയിണക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് കാണാം. ആ നടത്തവും കൈവീശലും ലുങ്കി മാടിക്കുത്തലും അത്ര സ്വാഭാവികമാണ്. മെല്ലിച്ച ശരീരത്തിന്റെ സാധ്യതകളത്രയും അയാള്‍ അഭിനയം തുടങ്ങി ഒടുവിലെ വേഷം വരെയും പ്രയോഗവല്‍ക്കരിച്ചു. ഉന്തിയ പല്ലുകാട്ടിയുള്ള ചിരിയാണ് മറ്റൊരു സവിശേഷത. ഓരോ കഥാപാത്രത്തിനനുസരിച്ചും ചിരിയില്‍ മാനങ്ങള്‍ വരുത്തുകയെന്നത് അത്രയെളുപ്പമല്ല. അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരി ഏറെ സിനിമകളില്‍ കാണാനാകും. തരികിടകള്‍ പൊളിയുമ്പോഴുള്ള ജാള്യച്ചിരിയും, സന്ദര്‍ഭാനുസരണമുള്ള കളിയാക്കിച്ചിരിയും മാമുക്കോയ സ്‌റ്റൈലില്‍ വേറിട്ടുനില്‍ക്കുന്നു.

'കള്ള ഹമുക്കേ', 'ശെയ്ത്താനേ', 'പഹയാ'ന്നൊക്കെ തിരക്കഥയിലില്ലാത്ത വിളികള്‍ മാമുക്കോയ കഥാപാത്രം എടുത്ത് വീശുമ്പോള്‍ സാധാരണക്കാര്‍ അത്രമേല്‍ അയാളിലേക്കൊട്ടും. ഇതാകെ 'അല്‍ക്കുല്‍ത്തായല്ലോ', 'അവിലും കഞ്ഞീം ആയല്ലോ' എന്നൊക്കെ ഉപയോഗിക്കുമ്പോള്‍ സാഹചര്യ സമ്മര്‍ദത്തെ അയവോടെയും ചിരിയോടെയും മാമുക്കോയ കഥാപാത്രം അടയാളപ്പെടുത്തുന്നു. അത് തിരക്കഥ സന്ദര്‍ഭത്തിന്‍റെയും ആകെ സിനിമയുടെയും ജൈവികതയെ ഉയര്‍ത്തുന്നതായി കാണാം.

ഇത്തരത്തില്‍ കോഴിക്കോടന്‍ നാട്ടുവഴക്ക പ്രയോഗങ്ങളെ കഥാപാത്രത്തോട് കൂട്ടിയിണക്കിയാണ് മാമുക്കോയ വേറിട്ടുനില്‍ക്കുന്നത്. കോഴിക്കോടന്‍ ഭാഷയുടെ മലയാളത്തിലെ അംബാസഡറായി അയാള്‍ എന്നന്നേക്കുമായി തന്നെ അടയാളപ്പെടുത്തിവച്ചിരിക്കുന്നു. അതുപയോഗിക്കുന്ന സാധാരണ മനുഷ്യനില്‍ അത്രത്തോളം അഭിമാനം ജ്വലിപ്പിക്കുന്നു. മറ്റുദേശക്കാരെ അവ പ്രയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.

വിശപ്പാറ്റാന്‍, കല്ലായിപ്പുഴയില്‍ നിന്ന് ചെളിവാരിയുരുട്ടി വിറ്റിട്ടുണ്ട് മാമുക്കോയ. അക്കാലത്ത് നിലംമെഴുകാന്‍ അത് ഉത്തമമായിരുന്നു. മുരിങ്ങയിലക്കൊമ്പുകളൊടിച്ച് തളിയിലെ പട്ടര്‍മാരുടെ വീടുകളിലെത്തിച്ച് വിറ്റും തിന്നാനുമുടുക്കാനും വക കണ്ടെത്തിയ ചെറുപ്പം. നിന്നുപിഴയ്ക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യരെ സാധാരണക്കാരന് അത്രമേല്‍ താദാത്മ്യം തോന്നുമാറ് അവതരിപ്പിക്കാന്‍ മാമുക്കോയയ്ക്ക് ഇന്ധനമായത് അത്തരം കനലനുഭവങ്ങളുടെ പൊള്ളിച്ചയാവും.

ABOUT THE AUTHOR

...view details