വെങ്കല നിർമാണത്തിൽ നാടൻ രീതി പിന്തുടർന്ന് അച്ഛനും മകനും കോഴിക്കോട്: അന്യം നിന്നു പോകുന്ന പരമ്പരാഗത തൊഴിലിനെ ഇന്നും മുറുകെപ്പിടിച്ച് ഒരച്ഛനും മകനും. കൊയിലാണ്ടി മുചുകുന്നിലെ എൻ കെ ചന്തുക്കുട്ടി മൂശാരിയും മകൻ അഭിലാഷുമാണ് വെങ്കല നിർമാണത്തിൽ തങ്ങളുടെ പാരമ്പര്യം തിളക്കത്തോടെ കാത്തുസൂക്ഷിച്ചു പോരുന്നത്. നിലവിളക്ക്, തൂക്ക് വിളക്ക്, കിണ്ടി, ഉരുളി, വിവിധ തരം ശിൽപ്പങ്ങൾ, തെയ്യം മെയ്യാഭരണങ്ങൾ, ക്ഷേത്രവിഗ്രഹങ്ങൾ... ഇങ്ങനെ നീളുന്നു ഇവരുടെ നിർമാണങ്ങൾ.
മെഴുകിൽ രൂപങ്ങൾ ഉണ്ടാക്കി അതിനെ കളിമണ്ണിൽ പൊതിഞ്ഞ് ഉണക്കി, അതിലേക്ക് വെങ്കല മിശ്രിതം ഉരുക്കി ഒഴിച്ച് രൂപങ്ങൾ തീർക്കുന്ന പരമ്പരാഗത നാടൻ രീതി. 1993 ൽ പുറത്തിറങ്ങിയ വെങ്കലം എന്ന മലയാള സിനിമയിൽ പി ഭാസ്‌കരൻ എഴുതിയ വരികളുണ്ട്. 'കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിങ്കൽപുത്തനാം അഴകിന്‍റെ ശില്‌പങ്ങളൊരുക്കുന്നു. കണ്ണീരും സ്വപ്‌നങ്ങളും ആശതൻ മൂശയിൽ മണ്ണിൻ കലാകാരൻ പൊന്നിൻ തിടമ്പാക്കുന്നു.' ഇതിലേറെ ഉപമ ഈ ജോലിക്ക് ആവശ്യമില്ല.
സ്വർണ്ണവും വെള്ളിയും കഴിഞ്ഞാൽ തൊട്ടടുന്ന സ്ഥാനം വെങ്കലം അഥവാ ബ്രോൺസിനാണ്. ചെമ്പും വെളുത്തീയ്യവും ചേർന്ന മിശ്രിതമാണ് വെങ്കലം. ഓരോ നിർമിതിക്ക് അനുസരിച്ച് അതിന്‍റെ കൂട്ടിൽ വ്യത്യാസം വരുത്തും. ക്ഷമയും അതീവ ശ്രദ്ധയുമാണ് ഈ ജോലിക്ക് പ്രധാനമായും വേണ്ടത്. വെങ്കലത്തിൽ ക്ഷേത്ര വിഗ്രഹങ്ങൾ പണിയുന്നതിൽ പ്രസിദ്ധനാണ് എൻ കെ ചന്തുക്കുട്ടി. പഞ്ചലോഹ വിഗ്രഹങ്ങൾ, പ്രഭാമണ്ഡലം, കെടാവിളക്ക് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്‍റെ പ്രധാന നിർമ്മാണങ്ങൾ.
കൊടുങ്ങല്ലൂർ തമ്പുരാൻ ഈ നാട്ടിലേക്ക് കൊണ്ടുവന്ന മൂശാരിമാരുടെ ഒമ്പതാം തലമുറയാണിത്. പത്ത് വയസിൽ പണി തുടങ്ങിയ ചന്തുക്കുട്ടി ശിൽപിയ്ക്ക് ആ പരാമ്പര്യം കാത്തു സൂക്ഷിക്കാൻ ഇപ്പോൾ മകനുണ്ട്. പ്ലസ് ടു വരെ വിദ്യാഭ്യാസം നേടിയ അഭിലാഷ് ഇപ്പോൾ അച്ഛന്‍റെ പാതയിലായി. വിളക്ക്, കിണ്ടി, ഉരുളി എന്നീ നിർമ്മാണങ്ങളിലാണ് കൂടുതൽ താത്‌പര്യം. പുതിയ തലമുറ ഏറ്റെടുക്കാൻ തയ്യാറാകാത്ത ഒരു ജോലി ആയതുകൊണ്ട് തന്നെ ഇതിനെ ആസ്വദിച്ച് ചെയ്യുകയാണ് അഭിലാഷ്.
പഴയ രീതി തന്നെ നിർമാണത്തിൽ ഉപയോഗിക്കുന്നത് കൊണ്ട് നല്ല ഗുണമേന്മയും അതിനൊത്ത ആവശ്യക്കാരും ഇവരുടെ നിർമിതികൾക്കുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ നിരന്തരം കാണുന്ന പുതിയ രീതിയിലുള്ള ലോഹ നിർമാണത്തിന് ഇത്രത്തോളം ഗുണമേന്മയില്ലെന്ന് അഭിലാഷ് ഉറപ്പിച്ച് പറയുന്നു. അതിനിടെ ഒരു പരീക്ഷണം നടത്തി വിജയം കൈവരിക്കാനും അഭിലാഷിന് സാധിച്ചു. അത് ആറന്മുള കണ്ണാടിയിൽ ആയിരുന്നു.
ഇന്നും നിർമാണ രഹസ്യം പുറത്ത് വിടാത്ത ആ കണ്ണാടി അഭിലാഷ് സ്വന്തമായി നിർമിച്ചു. മൂന്ന് വർഷത്തെ നിരന്തര പ്രയത്നത്തിന്‍റെ ഫലം. ഉരുക്കി ഒഴിക്കുന്ന മിശ്രിതത്തിന്‍റെ അളവ് ഒരു കടുകുമണിയോളം തെറ്റിയാൽ കണ്ണാടിക്ക് ഫിനിഷിങ് കിട്ടില്ല എന്നതാണ് ഈ നിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഒരു കണ്ണാടി നിർമിക്കാൻ തന്നെ ഏകദേശം 15,000 രൂപ ചിലവായി. മറ്റൊരെണ്ണം നിർമിച്ച് തൊട്ടടുത്ത ക്ഷേത്രത്തിൽ സമർപ്പിച്ചു.
ഇതൊക്കെയാണെങ്കിലും കണ്ണാടി നിർമാണവുമായി വാണിജ്യപരമായി മുന്നോട്ട് പോകാൻ അഭിലാഷ് ഉദ്ദേശിക്കുന്നില്ല. ആറന്മുളയിലെ ജനങ്ങളുടെ ഉപജീവനമാർഗമായ ആ കണ്ണാടിയിൽ ഇടപെടാൻ അഭിലാഷ് ആഗ്രഹിക്കുന്നില്ല. പരമ്പരാഗത കരകൗശലത്തിൽ തികച്ചും സംതൃപ്‌തനാണ്, അതിലൂടെ വേണ്ടത്ര ബിസിനസ് ലഭിക്കുന്നുണ്ട്. അത് തന്നെ തുടർന്ന് പോകാനാണ് താത്‌പര്യം. ആരും കടന്നു വരാൻ താത്‌പര്യപെടാത്ത ജോലി, അത് ചെയ്‌ത് പൂർത്തിയാക്കുമ്പോഴുള്ള ആത്മവിശ്വാസം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറത്താണ് അഭിലാഷിന്.