കോഴിക്കോട്: സ്‌കൂൾ മുറ്റത്ത് കരനെല്ലും ചോളവും പച്ചക്കറിയും വിളയിച്ച് മാതൃകയായി ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിലെ വിദ്യാർഥികൾ. വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനായി കൃഷിഭവന്‍റെ സഹകരണത്തോടെ സ്‌കൂൾ കാർഷിക ക്ലബിന്‍റെ നേതൃത്വത്തിലാണ് വിദ്യാലയ മുറ്റത്ത് കൃഷി ഇറക്കിയത്.
120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ ഇനത്തിൽപ്പെട്ട വിത്ത് പുതുപ്പാടി വിത്തുൽപാദന കേന്ദ്രത്തിൽ നിന്നും എത്തിച്ചാണ് കരനെൽ കൃഷി ചെയ്‌തത്. ഒട്ടുമിക്ക വിദ്യാർഥികളും ആദ്യമായിട്ടാണ് കരനെൽ കൃഷി നേരിട്ടു കാണുന്നത്. സ്‌കൂൾ മുറ്റത്ത് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് നട്ട ചോളവും വിളവെടുപ്പിന് പാകമായി വരുന്നു.
സ്‌കൂൾ മുറ്റത്ത് കരനെല്ലും ചോളവും പച്ചക്കറിയും.. പഠിക്കാനും പാകംചെയ്യാനും മാതൃകയൊരുക്കി യു പി സ്‌കൂളിലെ വിദ്യാർഥികൾ 'വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും' എന്ന സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ഗ്രോ ബാഗുകളിലും ചട്ടികളിലുമൊക്കെയായി നട്ട വിവിധ ഇനം പച്ചക്കറികൾ വിളവെടുക്കാൻ പാകമായി കഴിഞ്ഞു. വെണ്ട, പച്ചമുളക്, ചീര, വഴുതന, കാബേജ്, കോളിഫ്ലവർ, കോവൽ, മത്തൻ, പടവലം എന്നിവയെല്ലാം സ്‌കൂളിൽ കൃഷി ചെയ്‌തിട്ടുണ്ട്.
വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി എടുക്കുന്നു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും കൃഷി അറിവുകള്‍ പകരാനും അധ്യാപകർ കൃഷിയിടത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.
ചോള കൃഷിയുടെ വിളവെടുപ്പ് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിജോ ജോസഫ് നിർവഹിച്ചു. സ്‌കൂൾ പ്രധാന അധ്യാപകൻ ജെയിംസ് ജോഷി, സ്‌കൂൾ മാനേജർ സൈമൺ കിഴക്കയിൽ, പിടിഎ പ്രസിഡന്‍റ് ഭാവന വിനോദ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.