കോഴിക്കോട്: സംസ്ഥാനത്ത് പാൽ സംഭരണം നിർത്തിവച്ച മിൽമയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് കാരശേരി ചുണ്ടത്തുംപൊയിലിൽ പാലിൽ കുളിച്ചാണ് ക്ഷീരകർഷകർ പ്രതിഷേധിച്ചത്. നിലവിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടി നൽകിയാണ് മിൽമ പാൽ സംഭരണം നിർത്തി വച്ചതെന്ന് കർഷകർ പറയുന്നു.
പാൽ സംഭരണം നിർത്തിയ നടപടിയിൽ കർഷകരുടെ പ്രതിഷേധം കറന്നെടുക്കുന്ന പാൽ തങ്ങൾ എന്തു ചെയ്യണമെന്നാണ് ഇവർ ചോദിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും പാൽ വാങ്ങുന്നത് കുറച്ച് കർഷകരുടെ പാൽ സംഭരിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ക്ഷീരകർഷകർ ആവശ്യപ്പെടുന്നു.
ലോക്ക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് മിൽമ വൈകുന്നേരങ്ങളിലെ പാൽ സംഭരണം നിർത്തിവയ്‌ക്കാനുള്ള നടപടിയിലേക്ക് നീങ്ങിയത്. കാലിത്തീറ്റയ്‌ക്ക് അടക്കം വലിയ വില വർധനയുണ്ടായ സാഹചര്യത്തിൽ നിരവധി കർഷകർ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നതിനിടെയാണ് വലിയതോതിൽ കർഷകരെ പ്രതിസന്ധിയിലാക്കി മിൽമ പാൽ സംഭരണം നിർത്തിവച്ചത്.
നിലവിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രാദേശിക വിപണി പോലും കണ്ടെത്താനാവാതെ ദുരിതത്തിലാണ് കർഷകർ. മാത്രമല്ല വീടുകളിൽ കൊണ്ടെത്തിച്ചുള്ള പാൽ വിതരണവും ഈ സാഹചര്യത്തിൽ സാധ്യമല്ല. ഇത്തരമൊരു അവസ്ഥയിൽ ക്ഷീര കർഷകരോട് മിൽമ ചെയ്‌തത് കൊടുംചതി ആണെന്നും കർഷകർ പറയുന്നു.
കൂടുതൽ വായനയ്‌ക്ക്:പാല്‍സംഭരണം കുറച്ച് മില്‍മ: പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍