കോഴിക്കോട്: മലയോര മേഖലയിൽ നിന്നും കുടിയൊഴിഞ്ഞു പോകുന്ന കർഷകർക്ക് തക്കതായ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കൂട്ടായ്‌മ പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫിസ് ഉപരോധിച്ചു. വളരെ തുച്ഛമായ വിലയ്ക്ക് സ്വന്തം സ്ഥലം വിട്ടുകൊടുക്കാം എന്ന് പറഞ്ഞിട്ടും വനം വകുപ്പ് പണം നൽകാൻ വിസമ്മതിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് ഉപരോധം ഉദ്ഘാടനം ചെയ്‌ത ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിൽ ആരോപിച്ചു. മലയോരത്തെ കർഷകർ ഒന്നടങ്കം നിരാശയിലാണെന്ന് അദ്ദേഹം പറഞ്ഞു.
പട്ടിണി കിടക്കുന്ന മനുഷ്യരെ സർക്കാർ ഓഫിസുകൾ കയറ്റി ഇറക്കുന്നത് അല്ല എൽഡിഎഫ് നയമെന്നും ഇത് മാറണമെന്നും സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. വീടും സ്ഥലവും ഒഴിവാക്കി പോകുന്ന മുഴുവൻ കർഷകർക്കും നഷ്‌ടപരിഹാരം നൽകാൻ 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ, ഇപ്പോൾ പുതുതായി ചുമതലയേറ്റെടുത്ത കോഴിക്കോട് ഡി എഫ് ഒയുടെ നേതൃത്വത്തിൽ പദ്ധതി അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.