കേരളം

kerala

ETV Bharat / state

പാടശേഖരങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമില്ല : പൊറുതിമുട്ടി മാവൂരിലെ കർഷകർ; റെഗുലേറ്റർ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തം - Regulator installation in Mavoor Kavanakkallu

Farmers in Mavoor Grama Panchayat are in trouble due to waterlogging: മാവൂർ പഞ്ചായത്തിലെ വെള്ളക്കെട്ട് മൂലം കൃഷിയിറക്കാനാവാതെ കർഷകർ ദുരിതത്തിലാണ്. ഊർക്കടവ് കവണക്കല്ല് പാലത്തിനോട് ചേർന്ന് സ്ഥാപിച്ച റെഗുലേറ്ററാണ് വെള്ളക്കെട്ടിന് കാരണം. റെഗുലേറ്റർ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മാവൂരിലെ വയലുകളിൽ വെള്ളക്കെട്ട് കൃഷി ചെയ്യാനാവാതെ കർഷകർ  പൊറുതിമുട്ടി മാവൂരിലെ കർഷകർ  മാവൂരിലെ പാടശേഖരങ്ങളിൽ വെള്ളക്കെട്ട്  മാവൂർ പഞ്ചായത്തിലെ വെള്ളക്കെട്ട്  കോഴിക്കോട് ജില്ലാ വാർത്തകൾ  Regulator installation in Mavoor Kavanakkallu  Mavoor Kavanakkallu regulator cum bridge
waterlogging in Mavoor field due to regulator installation

By ETV Bharat Kerala Team

Published : Dec 7, 2023, 3:10 PM IST

പാടശേഖരങ്ങളിലെ വെള്ളക്കെട്ട്

കോഴിക്കോട്: മാവൂർ ഗ്രാസിം ഫാക്‌ടറിയുടെ സുഗമമായ പ്രവർത്തനത്തിന് ഉപ്പുവെള്ളം കലരാത്ത വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചാലിയാറിന് കുറുകെ ഊർക്കടവ് കവണക്കല്ലിൽ നിർമ്മിച്ച പാലത്തിനോട് ചേർന്ന് റെഗുലേറ്റർ സ്ഥാപിച്ചത്. റെഗുലേറ്റർ സ്ഥാപിച്ചതോടെ ഗ്രാസിം ഫാക്‌ടറിയുടെ പ്രവർത്തനം അക്കാലത്ത് സുഗമമായി എന്നതൊഴിച്ചാൽ മാവൂരിലെ കർഷകരുടെയും തീരദേശ വാസികളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലായി എന്നതാണ് വാസ്‌തവം.

മാവൂർ ഗ്രാമ പഞ്ചായത്തിലെ ഏക്കർ കണക്കിന് വയലുകളാണ് കഴിഞ്ഞ 25 വർഷത്തോളമായി വെള്ളത്തിനടിയില്‍ കിടക്കുന്നത്.
കൽപ്പള്ളി, തെങ്ങിലക്കടവ്, പള്ളിയോള്‍, എന്നിവിടങ്ങളിലെ മുന്നൂറ് ഏക്കറോളം പാടശേഖരങ്ങളിൽ മാത്രം 250 ഓളം കർഷകരാണ് വെള്ളക്കെട്ട് മൂലം കൃഷി ചെയ്യാനാവാതെ ദുരിതത്തിൽ ആയത്.

കൃഷി ഉപേക്ഷിച്ച് കർഷകർ: 2001ൽ ഗ്രാസിം ഫാക്‌ടറി അടച്ചുപൂട്ടി. എന്നാൽ ഇപ്പോഴും ഊർക്കടവിലെ റെഗുലേറ്ററിന്‍റെ ഷട്ടറുകൾ താഴ്ത്തിയിട്ടില്ല. കിഴക്കൻ മലയോര ഗ്രാമങ്ങളിൽ വെള്ളത്തിന്‍റെ ദൗർലഭ്യം ഒഴിവാക്കുക എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴും റെഗുലേറ്ററിന്‍റെ ഷട്ടറുകൾ താഴ്ത്തിയിടുന്നത്.

മുൻപ് ഓരോ സീസണുകളിലും രണ്ട് തവണ നെൽകൃഷി ഇറക്കിയ വയലുകളാണ് ഇന്ന് വെള്ളത്തിന്‍റെ അടിയിലായത്. ഇപ്പോൾ മഴക്കാലം, വേനൽക്കാലം എന്ന വ്യത്യാസമില്ലാതെ ഏത് കാലത്തും വയലുകളിൽ വെള്ളം നിറഞ്ഞതോടെ കൃഷി ഉപജീവനം ആക്കിയ മാവൂരിലെ കർഷകർ ദുരിതത്തിലാണ്. ഇവർ കൃഷിയെ പാടെ ഉപേക്ഷിച്ച് മട്ടാണ്.

കർഷകർക്ക് പുറമേ കർഷക തൊഴിലാളികളും വലിയ ദുരിതത്തിലാണ് കഴിയുന്നത്. വയലുകളിൽ വെള്ളം നിറഞ്ഞ് കർഷകരെല്ലാം കൃഷി ഉപേക്ഷിച്ചതോടെ ഞാറു നട്ടും കൃഷിക്കളമൊരുക്കിയും നെല്ല് കൊയ്‌തും ജീവിച്ചവർക്ക് ഇന്ന് തൊഴിലില്ലാതായി.

പള്ളിയോൾ പാടശേഖരം മുതൽ കൽപള്ളിയിലൂടെ വയലുകൾക്ക് നടുവിലൂടെയായി ചാലിയാറിലേക്ക് ഉണ്ടായിരുന്ന തോട് അടഞ്ഞു പോയതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം എന്ന കാര്യം ചൂണ്ടിക്കാട്ടി കാർഷികവകുപ്പിന്‍റെ നേതൃത്വത്തിൽ അഗ്രോ ഡ്രഡ്ജ്ജർ എന്ന യന്ത്രം ഇവിടെ കൊണ്ടുവന്നിരുന്നു. ഒരാഴ്‌ചയോളം വിവിധ ഭാഗങ്ങളിലെ തോടുകൾ നവീകരിക്കുന്ന പ്രവൃത്തി ഈ യന്ത്രം ഉപയോഗിച്ച് നടത്തുകയും ചെയ്‌തു. എന്നാൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇതിന്‍റെ പ്രവർത്തനം പിന്നീട് തുടർന്നു പോകുന്നതിന് തടസം സൃഷ്‌ട്ടിച്ചു.

മാവൂരിലെ കൽപ്പള്ളി, തെങ്ങിലക്കടവ്, പള്ളിയോള്‍, പാടശേഖരങ്ങളിൽ ഏത് കനത്ത വേനലിലും ഒന്നരയാൾ പൊക്കത്തിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. ഒരു ചെറിയ മഴ പെയ്യുമ്പോഴേക്കും ചാലിയാറിലെ വെള്ളം കുതിച്ചെത്തി തീരദേശത്തെ വീടുകളെല്ലാം പെട്ടെന്ന് തന്നെ വെള്ളത്തിൽ മുങ്ങി പോകും. വയലുകളിലെ വെള്ളക്കെട്ട് കാരണം നിരവധി തവണ വീട് ഒഴിയേണ്ട സാഹചര്യവും തീരദേശവാസികൾ നേരിടുന്നുണ്ട്.

റെഗുലേറ്ററുകൾ മാറ്റിസ്ഥാപിക്കണം: ചാലിയാറിൽ എളമരം കടവിലും കൂളിമാട് കടവിലും കഴിഞ്ഞ വർഷം പുതിയ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഊർക്കടവിൽ സ്ഥാപിച്ച റെഗുലേറ്ററുകൾ ഈ രണ്ട് പാലങ്ങളിൽ ഏതെങ്കിലും ഒന്നിൽ സ്ഥാപിച്ചാൽ മാവൂർ ഗ്രാമപഞ്ചായത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് അറുതിയാകും. അതുകൊണ്ടുതന്നെ കർഷകരും തീരദേശവാസികളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റെഗുലേറ്റർ അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ ആവശ്യമായ നടപടി സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Also read: വെള്ളക്കെട്ടിനെ ഭയക്കേണ്ട; ഹൗസ് ലിഫ്റ്റിങ് വിദ്യ; കൈ പൊള്ളുമെങ്കിലും സംഗതി പൊളിയാണ്

ABOUT THE AUTHOR

...view details